കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. കൈവിരലിനേറ്റ പരിക്കില്‍ നിന്നും മുക്തയാവാത്ത വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയ്ക്ക് പാകിസ്ഥാനെതിരായ ആദ്യ മത്സരം നഷ്‌ടമായേക്കും. ഐസിസി വ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ലോകകപ്പില്‍ നിന്നും പുറത്താണെന്ന് പറയാന്‍ കഴിയില്ലെങ്കിലും പാകിസ്ഥാനെതിരായ മത്സരം സ്‌മൃതിയ്‌ക്ക് നഷ്‌ടമായേക്കുമെന്ന് ഐസിസി വ്യത്തങ്ങള്‍ പ്രതികരിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിലെ ഫീൽഡിങ്ങിനിടെ 26കാരിയുടെ ഇടത് നടുവിരലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിന് സ്‌മൃതി ഇറങ്ങിയിരുന്നില്ല.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ ഫിറ്റ്‌നസും നിലവില്‍ ആശങ്കയിലാണ്. കഴിഞ്ഞയാഴ്‌ച നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഹര്‍മന്‍റെ തോളിന് പരിക്കേറ്റിരുന്നു. തനിക്ക് വിശ്രമം ആവശ്യമാണെന്ന് മത്സരത്തിന് ശേഷം ഹര്‍മന്‍ പ്രതികരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങളിലും ഹര്‍മനും കളിച്ചിരുന്നില്ല.
ഞായറാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്ക് ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് ബിയുടെ ഭാഗമായ മത്സരമാണിത്. വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ടൂര്‍ണമെന്‍റില്‍ ആദ്യ കിരീടമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഷഫാലി വര്‍മ, സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് തുടങ്ങിയ താരങ്ങളുടെ ബാറ്റിങ് മികവ് ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. ഓള്‍റൗണ്ടര്‍മാരായ ദീപ്‌തി ശര്‍മ, ദേവിക വൈദ്യ, പൂജ വസ്ത്രാകര്‍ എന്നിവരിലും ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഏറെയാണ്. ബോളിങ് യൂണിറ്റില്‍ സ്‌പിന്നിന്‍റെയും പേസിന്‍റെയും മികച്ച മിശ്രണമാണ് ഇന്ത്യയ്‌ക്കുള്ളത്.