കേപ്‌ടൗണ്‍ :കളിക്കളത്തില്‍ എന്നും ചിരവൈരികളാണ് ഇന്ത്യയും പാകിസ്ഥാനും. എന്നാല്‍ മൈതാനത്തിന് പുറത്ത് എപ്പോഴും സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരു ടീമുകളിലെയും താരങ്ങള്‍. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത ഇന്ത്യ-പാക് ടീമുകള്‍ നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നേര്‍ക്കുനേരെത്തുന്നത്.
ഇതോടെ ഏറ്റുമുട്ടലിന്‍റെ വ്യാപ്‌തിയും വര്‍ധിക്കും. ഇപ്പോള്‍ ടി20 ലോകകപ്പിന്‍റെ ചൂടിലാണ് ഇന്ത്യയുടേയും പാകിസ്ഥാന്‍റേയും വനിത ടീമുകള്‍. ടൂര്‍ണമെന്‍റില്‍ കഴിഞ്ഞ ദിവസം നേര്‍ക്കുനേരെത്തിയപ്പോള്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്‌തു.
മത്സരശേഷം ഇരുടീമുകളിലെയും താരങ്ങൾക്കിടയിൽ ഊഷ്‌മളമായ സൗഹൃദമാണ് അരങ്ങേറിയത്. പാകിസ്ഥാന്‍ ക്രിക്കറ്റ് പങ്കുവച്ച ഇന്ത്യ-പാക് താരങ്ങളുടെ സ്‌നേഹ പ്രകടനത്തിന്‍റെ വീഡിയോ ആരാധകരുടെ ഹൃദയം കവരുകയാണ്. മത്സരത്തിന് ശേഷം തമ്മില്‍ കണ്ടപ്പോള്‍ തമാശ പറയുന്നതിന്‍റേയും സെൽഫിയെടുക്കുന്നതിന്‍റെയും തിരക്കിലായിരുന്നു താരങ്ങള്‍.
പരസ്‌പരം കൈമാറിയ ജഴ്‌സിയുമായി ബിസ്‌മ മറൂഫും ഹര്‍മന്‍പ്രീത് കൗറും ഇതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പാക് നായിക ബിസ്‌മ മറൂഫും ഇരു രാജ്യങ്ങളുടേയും ജഴ്‌സി പരസ്‌പരം കൈമാറ്റം ചെയ്യുകയും ചെയ്‌തു. ഒടുവില്‍ ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് ഇരു ടീമംഗങ്ങളും പിരിഞ്ഞത്.
മിന്നിച്ച് ജമീമ റോഡ്രിഗസ് : ടി20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ന്യൂലന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
അർധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസിന്‍റെ ബാറ്റിങ് മികവിലാണ് ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്. 38 പന്തില്‍ 53 റണ്‍സാണ് താരം അടിച്ചെടുത്തത്. പുറത്താവാതെ 20 പന്തില്‍ 31 റണ്‍സെടുത്ത റിച്ച ഘോഷ് പിന്തുണ നല്‍കി. ടി20 വനിത ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ ചേസിങ് വിജയമാണിത്.
ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ജമീമയും റിച്ചയും കൂടാതെ വനിത ടി20 ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേസിങ് വിജയം കൂടിയാണിത്. ഓപ്പണർമാരായ യാസ്‌തിക ഭാട്ടിയയും ഷഫാലി വർമയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. പരിക്കേറ്റതിനാൽ ആദ്യ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്ന സ്‌മൃതി മന്ദാനയ്‌ക്ക് പകരക്കാരിയായാണ് യാസ്‌തിക ഓപ്പണറായി കളത്തിലെത്തിയത്.
ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 38 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന യാസ്‌തികയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. 20 പന്തിൽ 17 റണ്‍സ് നേടിയ താരത്തെ സാദിയ ഇക്‌ബാലിന്‍റെ പന്തിൽ ഫാത്തിമ സന ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ALSO READ:'അതൊക്കെ കോലിയില്‍ നിന്ന് പഠിച്ചത്' ; തുറന്നുസമ്മതിച്ച് രോഹിത് ശര്‍മ
തുടർന്ന് ക്രീസിലെത്തിയ ജെമീമ റോഡ്രിഗസ് ഷഫാലി വർമയോടൊപ്പം ചേർന്ന് സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. പിന്നാലെ ഷഫാലിയെ ഇന്ത്യക്ക് നഷ്‌ടമായി. നഷ്‌റ സന്ധുവിന്‍റെ പന്തിൽ തകർപ്പനൊരു ക്യാച്ചിലൂടെ സിദ്ര അമീനാണ് ഷഫാലിയെ പുറത്താക്കിയത്.
25 പന്തിൽ 33 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിന് നിലയുറപ്പിക്കാനായില്ല. 12 പന്തിൽ 16 റണ്‍സെടുത്ത താരത്തെ നഷ്‌റ സന്ധു ബിസ്‌മ മറൂഫിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച റിച്ച ഘോഷും ജമീമയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.