കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പ് സെമിയില്‍ തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ആരാധകർക്ക് വികാരനിർഭരമായ സന്ദേശവുമായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ലോകമെമ്പാടുമുള്ള ആരാധകരുടെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച ഹര്‍മന്‍ തങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്ന ഉറപ്പാണ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് താരം ഇതു സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്.
"ഇത് ഈ ലോകകപ്പിൽ ഉടനീളം ഞങ്ങളെ പിന്തുണച്ച ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും വേണ്ടിയുള്ളതാണ്. ഞങ്ങളുടെ യാത്രയിൽ വിശ്വസിച്ചതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു.
ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ നിങ്ങളുടെ ടീം തോല്‍ക്കുന്നത് സങ്കടകരമാണെന്നറിയാം. ഞങ്ങള്‍ ശക്തമായി ശക്തമായി തിരികെ വരികയും കളിക്കളത്തില്‍ മികച്ച പ്രകടനം നടത്തുമെന്നുമാണ് എനിക്ക് പറയാനാവുക". ഹര്‍മന്‍പ്രീത് കൗര്‍ ട്വീറ്റ് ചെയ്‌തു.
വനിത ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് അഞ്ച് റണ്‍സിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു.
അര്‍ധ സെഞ്ചുറിയുമായി പൊരുതുകയായിരുന്ന ഹര്‍മന്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇന്നിങ്‌സിന്‍റെ 15ാം ഓവറിലാണ് ഹര്‍മന്‍പ്രീത് കൗര്‍ പുറത്താവുന്നത്. ജോർജിയ വെയർഹാമിന്‍റെ പന്ത് സ്ക്വയര്‍ ലെഗിലേക്ക് കളിച്ച ഹര്‍മന് അനായാസം ഡബിള്‍ ഓടാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ രണ്ടാം റണ്‍ പൂര്‍ത്തിയാക്കാന്‍ താരം ക്രീസിനുള്ളിലേക്ക് വച്ച ബാറ്റ് ഗ്രൗണ്ടില്‍ തട്ടി നിന്നു. ഇതോടെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലീസ ഹീലി ബെയ്ല്‍സ് ഇളക്കുകയായിരുന്നു. ഔട്ടായതിന്‍റെ നിരാശയില്‍ തന്‍റെ ബാറ്റ് വലിച്ചെറിയുന്ന ഹര്‍മന്‍റെ ദൃശ്യം വൈറലായിരുന്നു.
ഹര്‍മന്‍ പുറത്താവുമ്പോള്‍ 32 പന്തുകളില്‍ വെറും 40 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. എന്നാല്‍ തുടര്‍ന്നെത്തിയ താരങ്ങള്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല.
മത്സര ശേഷം പൊട്ടിക്കരഞ്ഞ ഹര്‍മനെ സഹതാരങ്ങള്‍ ചേര്‍ന്ന് ആശ്വസിപ്പിക്കുന്ന ദൃശ്യം ആരാധകരുടെ ഉള്ളുലയ്‌ക്കുന്നതായിരുന്നു. തുടര്‍ന്ന് നടന്ന പ്രസന്‍റേഷന്‍ ചടങ്ങില്‍ സ്‌പോർട്‌സ് സൺഗ്ലാസ് ധരിച്ചായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ എത്തിയത്. ഇതേക്കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിനും ഏറെ വികാരനിര്‍ഭരമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്‍കിയത്.
"ഞാന്‍ കരയുന്നത് എന്‍റെ രാജ്യം കാണാതിരിക്കാനാണ് ഈ സൺഗ്ലാസ് ധരിച്ചിരിക്കുന്നത്. ഞങ്ങൾ കൂടുതല്‍ മെച്ചപ്പെടും. രാജ്യത്തിനായി ഏറ്റവും മികച്ചത് നല്‍കും" ഹര്‍മന്‍പ്രീത് പറഞ്ഞു. തന്‍റെ റണ്ണൗട്ടിനെക്കുറിച്ചും ഹര്‍മന്‍ സംസാരിച്ചിരുന്നു.
ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയിലാണ് താന്‍ പുറത്തായതെന്നു പറഞ്ഞ താരം മത്സരം അവസാന പന്ത് വരെ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമാണ് പ്രതികരിച്ചത്. "ഞാൻ റണ്ണൗട്ടായ രീതി ഏറ്റവും നിര്‍ഭാഗ്യകരമായ രീതിയിലാണ്. അതിനേക്കാൾ നിർഭാഗ്യകരമാകാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രയത്നം തുടരുകയെന്നത് പ്രധാനമായിരുന്നു. മത്സരം അവസാന പന്ത് വരെ നീട്ടാനായതില്‍ സന്തോഷമുണ്ട്. അവസാന പന്ത് വരെ പോരാടാൻ ഞങ്ങൾ ആഗ്രഹിച്ചു" ഹര്‍മന്‍ കൂട്ടിച്ചേർത്തു.
ALSO READ:പങ്കാളി ഗർഭിണിയാണെന്ന വിശേഷം പങ്കുവച്ചിതിന് ഹോമോഫോബിക് കമന്‍റുകളും ട്രോളും; പ്രതികരിച്ച് സാറ ടെയ്‌ലര്‍