കേരളം

kerala

ETV Bharat / sports

വനിത ടി20 ലോകകപ്പ് : വരവറിയിച്ച് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ, കിവീസിനെതിരെ 97 റണ്‍സിന്‍റെ ജയം ; അഞ്ചുവിക്കറ്റുമായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ - അലീസ ഹീലി

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തിലാണ് 173 റണ്‍സ് നേടിയത്. എന്നാല്‍ 174 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് 14 ഓവറില്‍ 76 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു

icc women t20 world cup  australia vs newzealand  ausw vs nzw  Ashleigh Gardner  women t20 world cup  Ashleigh Gardner five wickets in t20wc  വനിത ടി20 ലോകകപ്പ്  ഓസ്‌ട്രേലിയ  ആഷ്‌ലി ഗാര്‍ഡ്‌നര്‍  ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം  ന്യൂസിലന്‍ഡ് വനിത ക്രിക്കറ്റ് ടീം  ഓസീസ്  എല്ലിസ് പെറി  എല്ലിസ് പെറി ബാറ്റിങ്  അലീസ ഹീലി  ആഷ്‌ലി ഗാര്‍ഡ്‌നര്‍ അഞ്ച് വിക്കറ്റ് പ്രകടനം
icc women t20 world cup

By

Published : Feb 12, 2023, 8:46 AM IST

പാള്‍ : ഐസിസി വനിത ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ജയത്തുടക്കം. കരുത്തരായ ന്യൂസിലന്‍ഡിനെതിരെ ബോളണ്ട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 97 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് കങ്കാരുപ്പട സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 14 ഓവറില്‍ 76 റണ്‍സിന് കിവീസ് ഓള്‍ഔട്ട് ആവുകയായിരുന്നു.

174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിനെ 5 വിക്കറ്റ് വീഴ്‌ത്തിയ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറാണ് തകര്‍ത്തത്. 3 ഓവറില്‍ 12 റണ്‍സ് വഴങ്ങിയാണ് താരത്തിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ആഷ്‌ലിയാണ്.

ബോളണ്ട് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി കിവീസ് നായിക സോഫി ഡിവൈന്‍ ഓസ്‌ട്രേലിയയെ ആദ്യം ബാറ്റിങ്ങിന് അയയ്‌ ക്കുകയായിരുന്നു. ഈ തീരുമാനം ശരിവയ്‌ക്കും വിധത്തിലായിരുന്നു കിവീസ് തുടങ്ങിയതും. ആദ്യ ഓവറിന്‍റെ നാലാം പന്തില്‍ ഓസീസ് ഓപ്പണര്‍ ബെത്ത് മൂണിയെ റണ്‍സെടുക്കുന്നതിന് മുന്‍പ് തന്നെ ലീ തഹുഹു മടക്കി.

നായിക മെഗ്‌ ലാന്നിങ് അലീസ ഹീലിക്കൊപ്പം ചേര്‍ന്നതോടെ ഓസീസ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 70 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തിന്‍റെ പത്താം ഓവറില്‍ മെഗ് ലാന്നിങ് 33 പന്തില്‍ 41 റണ്‍സുമായി മടങ്ങി.

പിന്നാലെ ക്രീസിലെത്തിയ ആഷ്‌ലി ഗാര്‍ഡ്‌നറിന് (3) ടീമിന് വേണ്ടി ബാറ്റിങ്ങില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ആഷ്‌ലി പുറത്തായതോടെ ടീം ടോട്ടല്‍ 10.3 ഓവറില്‍ 76-3 എന്ന നിലയിലായി. തുടര്‍ന്ന് ഒരുമിച്ച അലീസ ഹീലി-എല്ലിസ് പെറി സഖ്യം ടീമിനെ നൂറ് കടത്തി.

അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഹീലിയും മടങ്ങി. 38 പന്തില്‍ 55 റണ്‍സായിരുന്നു ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ സമ്പാദ്യം. തകര്‍പ്പനടിയുമായി എല്ലിസ് പെറിയും അതിവേഗം റണ്‍സുയര്‍ത്തി ഗ്രേസ് ഹാരിസും കളം നിറഞ്ഞതോടെ ഓസീസ് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു. 6 പന്തില്‍ 14 റണ്‍സടിച്ച ഗ്രേസ് ഹാരിസ് 17-ാം ഓവറില്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

മറുവശത്ത് ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഗ്രേസ് ഹാരിസ് പുറത്തായതിന് തൊട്ടടുത്ത ഓവറില്‍ പെറിയും കൂടാരം കയറി. എന്നാല്‍, 181 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ താരം 22 പന്തില്‍ 40 റണ്‍സടിച്ചാണ് മടങ്ങിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും അടങ്ങിയതായിരുന്നു പെറിയുടെ വെടിക്കെട്ട് ഇന്നിങ്‌സ്.

താഹില മഗ്രാത്ത് (8), ജെസ് ജൊനാസന്‍ (0), അലാന കിങ് (1) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് ബാറ്റര്‍മാര്‍. മേഗന്‍ ഷൂട്ട് (1) ഡാര്‍സി ബ്രൗണ്‍ (6) എന്നിവര്‍ പുറത്താകാതെ നിന്നു.

ന്യൂസിലന്‍ഡിനായി ലീ തഹുഹുവും അമേലിയ കെറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജെസ് കെര്‍, ഹെയ്‌ലി ജെസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് ന്യൂസിലന്‍ഡ് ഇന്നിങ്‌സ് തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ മേഗന്‍ ഷൂട്ട് കിവീസ് ഓപ്പണര്‍മാരായ സൂസി ബേറ്റ്‌സിനെയും ക്യാപ്‌റ്റന്‍ സോഫി ഡിവൈനെയും അക്കൗണ്ട് തുറക്കും മുന്‍പ് മടക്കി. പിന്നാലെ ക്രീസിലെത്തിയവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. കിവീസ് നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെർണഡിൻ ബെസുയിഡൻഹൗട്ട് (14), അമേലിയ കെര്‍ (21), ജെസ് കെര്‍ (10) എന്നിവരൊഴികെ മറ്റാരും രണ്ടക്കം കടന്നില്ല.

മത്സരത്തില്‍ കിവീസ് ടോപ്‌ സ്‌കോററായ അമേലിയയെ പുറത്താക്കിയാണ് ആഷ്‌ലി തന്‍റെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ ഹന്ന റോവ് (9), ലീ തഹുഹു (2), ജെസ് കെര്‍, ഈഡൻ കാർസൺ (0) എന്നിവരും ആഷ്‌ലിക്ക് മുന്നില്‍ വീണു. ഫ്രാന്‍ ജോനസ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ബെസുയിഡൻഹൗട്ടിനെ എല്ലിസ് പെറിയാണ് മടക്കിയത്. 8 പന്തില്‍ 9 റണ്‍സ് അടിച്ച മാഡി ഗ്രീന്‍ റണ്‍ ഔട്ട് ആവുകയായിരുന്നു.

ABOUT THE AUTHOR

...view details