കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റുപുറത്തായിരുന്നു. വാശിയേറിയ മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്‌മൃതി മന്ദാനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം അഞ്ജും ചോപ്ര.
മത്സരത്തില്‍ സ്‌മൃതി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. അഞ്ച് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത സ്‌മൃതിയെ ആഷ്‌ലീ ഗാർഡ്‌നർ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആഷ്‌ലീയ്‌ക്ക് മുന്നില്‍ ഇത് നാലാം തവണയാണ് 26കാരി പരാജയപ്പെട്ടിരിക്കുന്നതെന്നാണ് അഞ്ജും ചോപ്ര ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഒരേ ബോളര്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഒരു ബാറ്ററില്‍ എങ്ങനെയാണ് ടീം പ്രതീക്ഷ വയ്‌ക്കുകയെന്നാണ് അഞ്ജും ചോപ്ര ചോദിക്കുന്നത്. ഓസീസ് ഉയര്‍ത്തിയ 173 എന്ന വിജയ ലക്ഷ്യം ഇന്ത്യയ്‌ക്ക് നേടാന്‍ കഴിയുന്നതായിരുന്നുവെന്നും അഞ്ജും ചോപ്ര പറഞ്ഞു. ഓസീസിനെതിരെ നേരത്തെ 180 റൺസ് പിന്തുടർന്നിട്ടുള്ള ഇന്ത്യയ്‌ക്ക് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് തിരിച്ചടിയയാതെന്നും അവര്‍ ആവര്‍ത്തിച്ചു.
"ഓസ്‌ട്രേലിയയ്‌ക്കെതിരെ മുമ്പ് 180 റൺസ് പിന്തുടർന്നതിനാൽ ഇന്ത്യക്ക് നേടാനാവുമായിരുന്ന ലക്ഷ്യമായിരുന്നു 173 റണ്‍സ് എന്നത്. ഷഫാലി വർമയും സ്മൃതി മന്ദാനയും ഇന്ത്യക്ക് മികച്ച തുടക്കം നൽകുമ്പോഴെല്ലാം ടീം വ്യത്യസ്തമായ പ്രകടനമാണ് നടത്തുന്നത്. പക്ഷേ, ആഗ്രഹിച്ച തുടക്കം ഇന്ത്യയ്ക്ക് ലഭിച്ചില്ല" മുന്‍ താരം പറഞ്ഞു.
ന്യൂലാന്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഓസീസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സാണ് നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. അര്‍ധ സെഞ്ചുറിയുമായി പൊരുതുകയായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതാണ് മത്സരത്തില്‍ വഴിത്തിരിവായത്.