കേരളം

kerala

ETV Bharat / sports

കരുത്തരെ വീഴ്‌ത്തി മുന്നേറാന്‍ ഇന്ത്യ, ചരിത്രം തുടരാന്‍ ഓസ്‌ട്രേലിയ; വനിത ടി20 ലോകകപ്പ് സെമിയില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം - ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം

ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഐസിസി വനിത ടി20 ലോകകപ്പ് ഒന്നാം സെമിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്.

icc women t20 world cup  women t20 world cup  women t20 world cup 2023  women t20 world cup 2023 india vs australia  india vs australia semi final match preview  ഐസിസി വനിത ടി20 ലോകകപ്പ്  വനിത ടി20 ലോകകപ്പ്  വനിത ടി20 ലോകകപ്പ് സെമി ഫൈനല്‍  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് ടീം
INDIA VS AUSTRALIA

By

Published : Feb 23, 2023, 9:19 AM IST

കേപ്‌ടൗണ്‍: ഐസിസി വനിത ടി20 ലോകകപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഒന്നാം സെമിയില്‍ ഇന്ത്യയുടെ എതിരാളി. ന്യൂലന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6:30നാണ് മത്സരം ആരംഭിക്കുന്നത്.

ഹര്‍മന്‍ പ്രീതിനും സംഘത്തിനും ഇതൊരു അഗ്നിപരീക്ഷയാണ്. കരുത്തരായ ഓസ്‌ട്രേലിയയെ മറികടന്നാല്‍ മാത്രമെ ഇന്ത്യന്‍ വനിത ടീമിന് ലോകകിരീടത്തിന് അരികിലേക്ക് എത്താന്‍ സാധിക്കു. ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടങ്ങളില്‍ ചരിത്രം എന്നും ഇന്ത്യന്‍ വനിതകള്‍ക്കെതിരാണ്.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ കണ്ണീരണിയിപ്പിച്ചായിരുന്നു കങ്കാരുപ്പട ടി20 ലോക കിരീടത്തില്‍ മുത്തമിട്ടത്. അന്ന് സിഡ്‌നിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം, ആതിഥേയരായ ഓസ്‌ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് വീഴ്‌ത്തി. ഇതിനുള്ള മറുപടി ഫൈനലിലാണ് ഓസീസ് ഇന്ത്യക്ക് നല്‍കിയത്.

മെല്‍ബണില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 184 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയെ 99-ല്‍ എറിഞ്ഞിട്ട് കങ്കാരുപ്പട ലോകകകിരീടത്തില്‍ മുത്തമിട്ടു. മുന്‍നിര തകര്‍ന്നടിഞ്ഞ ആ മത്സരത്തില്‍ 33 റണ്‍സടിച്ച ദീപ്‌തി ശര്‍മ്മ ആയിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

സെമിയിലേക്കുള്ള യാത്ര: ഇത്തവണ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ അവസാന നാലിലേക്ക് എത്തിയത്. പ്രാഥമികഘട്ടത്തിലെ നാല് മത്സരത്തില്‍ മൂന്നിലും ജയിച്ചു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് മാത്രമാണ് തോല്‍വി വഴങ്ങിയത്.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 7 വിക്കറ്റിന് തകര്‍ത്താണ് ലോകകപ്പ് യാത്ര ഇന്ത്യ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 6 വിക്കറ്റ് ജയം. മൂന്നാമത്തെ മത്സരത്തിലായിരുന്നു ഇംഗ്ലണ്ടിനോട് 11 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയത്.

അടുത്ത മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡിനെതിരെ അഞ്ച് റണ്‍സിന്‍റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമിബെര്‍ത്ത് ഉറപ്പിച്ചത്. മറുവശത്ത് എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഓസ്‌ട്രേലിയ സെമിയിലേക്ക് മുന്നേറിയത്. ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുത്ത അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാല് മത്സരങ്ങളിലും ജയിച്ചിരുന്നു.

ഇന്ത്യന്‍ പ്രതീക്ഷ സ്‌മൃതിയില്‍:നോക്ക് ഔട്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ വനിത ടീമിന് എന്നും ബാറ്റിങ്ങാണ് തലവേദന. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലും, കോമണ്‍വെല്‍ത്ത് കലാശപ്പോരാട്ടത്തിലും ഇത് കണ്ടതുമാണ്. ഇത്തവണ അതില്‍ മാറ്റമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നിലവില്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള സ്‌മൃതി മന്ദാനയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. മന്ദാന മികച്ച തുടക്കം സമ്മാനിച്ചാല്‍ ഇന്ത്യക്ക് മികച്ച സ്‌കോറിലേക്ക് എത്താന്‍ സാധിക്കുമെന്ന് ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്‌മൃതി മന്ദാനയ്‌ക്കൊപ്പം ഹര്‍മന്‍പ്രീത്, ഷെഫാലി വര്‍മ്മ, ജര്‍മിയ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവരും മികവിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് പേടിക്കേണ്ടി വരില്ല.

രേണുക സിങ് നേതൃത്വം നല്‍കുന്ന ബോളിങ് നിരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. 146 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അലീസ ഹീലിയാണ് ഓസീസ് ബാറ്റിങ്ങിന്‍റെ കരുത്ത്. ഹീലിക്കൊപ്പം ക്യാപ്റ്റന്‍ മെഗ് ലാനിങ്, എല്ലിസ് പെറി, ബെത്ത് മൂണി എന്നിവരും ചേരുമ്പോള്‍ ഡബിള്‍ സ്ടോങ് ആകും ടീമിന്‍റെ ബാറ്റിങ് ലൈനപ്പ്.

വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതുള്ള മേഗന്‍ ഷൂട്ടിന്‍റെ നേതൃത്വത്തിലുള്ള ബോളിങ് നിരയും എന്തിനും പോന്നവരാണ്. അവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ പ്രകടനവുമായി ആഷ്‌ലി ഗാര്‍ഡ്‌നറും, എല്ലിസ് പെറിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ കളം നിറഞ്ഞാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.

തത്സമയം കാണാം:ഐസിസി വനിത ടി20 ലോകകപ്പ് മത്സങ്ങള്‍ സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരം തത്സമയം സ്ട്രീം ചെയ്യാന്‍ സാധിക്കും.

ABOUT THE AUTHOR

...view details