ദുബായ് : ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ സെഞ്ചുറി പ്രകടനത്തോടെയാണ് ഇന്ത്യന്‍ നായകന്‍ നേട്ടമുണ്ടാക്കിയത്. രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് രോഹിത് 10-ാം റാങ്കിലാണ് എത്തിയത്.
നിലവില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യയുടെ ടെസ്റ്റ് ബാറ്ററും രോഹിത്താണ്. ഡൊമനിക്കയിലെ വിഡ്‌സര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സായിരുന്നു രോഹിത് നേടിയത്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഏറെ നാളായി അലട്ടിയിരുന്ന മോശം ഫോമിന്‍റെ പിടി വിടീക്കാന്‍ രോഹിത്തിന് കഴിഞ്ഞത് ഇന്ത്യയ്‌ക്ക് ആശ്വാസമാണ്.
വിന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റ് കളിച്ച യുവ താരം യശ്വസി ജയ്‌സ്വാള്‍ ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഇടം പിടിച്ചു. റാങ്കിങ്ങില്‍ 73-ാം സ്ഥാനത്താണ് 21-കാരനായ യശ്വസി ജയ്‌സ്വാള്‍ എത്തിയത്. മത്സരത്തില്‍ സെഞ്ചുറി നേടി തിളങ്ങിയ ജയ്‌സ്വാള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
387 പന്തുകളില്‍ നിന്നും 171 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യൻ ഓപ്പണറുടെ മൂന്നാമത്തെ ഉയർന്ന സ്‌കോറാണിത്. എന്നാല്‍ വിദേശത്തെ കണക്കെടുക്കുമ്പോള്‍ പട്ടികയില്‍ തലപ്പത്താണ് ജയ്‌സ്വാളിന്‍റെ സ്ഥാനം. ഈ പ്രകടനത്തോടെ മത്സരത്തിലെ താരമായും ജയ്‌സ്വാള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാര്‍ അപകടത്തെ തുടര്‍ന്ന് ഏറെ നാളായി കളത്തിന് പുറത്തുള്ള ഇന്ത്യയുടെ റിഷഭ് പന്തിന് ഒരു സ്ഥാനം നഷ്‌ടമായി 11-ാം റാങ്കിലേക്ക് താഴ്‌ന്നു. വിന്‍ഡീസിനെതിരെ അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിരാട് കോലി 14-ാം റാങ്കില്‍ തുടരുകയാണ്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. ന്യൂസിലന്‍ഡിന്‍റെ കെയ്‌ന്‍ വില്യംസണാണ് തലപ്പത്ത്. ഓസീസിന്‍റെ ട്രാവിസ് ഹെഡ്, പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം, ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്ത്, മാര്‍നെസ് ലാബുഷെയ്‌ന്‍ എന്നിവരാണ് യഥാക്രമം നാല് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
ALSO READ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പരിവര്‍ത്തനം വേഗത്തില്‍ നടക്കും, ടീമില്‍ സീനിയര്‍ താരങ്ങളുടെ പങ്ക് ഏറെ വലുത് : രോഹിത് ശര്‍മ
വിന്‍ഡീസിനെതിരായ ഇന്ത്യയുടെ വിജയത്തില്‍ ബോളുകൊണ്ട് നിര്‍ണായകമായ ആര്‍ അശ്വിന്‍ ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മത്സരത്തിന്‍റെ രണ്ട് ഇന്നിങ്‌സുകളിലുമായി 12 വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ റേറ്റിങ് പോയിന്‍റ് 24 പോയിന്‍റ് വര്‍ധിപ്പിക്കാനും ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ക്ക് കഴിഞ്ഞു.
ALSO READ:WI vs IND | സെഞ്ചുറിയടിച്ച് ടീമിന് സമ്മാനം നല്‍കട്ടെ, അതല്ലേ ഹീറോയിസം ; ഇഷാനോട് രോഹിത് ശര്‍മ
നിലവിലെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനേക്കാള്‍ 56 റേറ്റിങ് പോയിന്‍റിന്‍റെ ലീഡാണ് അശ്വിനുള്ളത്. വിന്‍ഡീസിനെതിരായ മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലുമായി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഏഴാം റാങ്കിലേക്ക് കയറി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജ ഒന്നാം റാങ്കിലും അശ്വിന്‍ രണ്ടാം റാങ്കിലും തുടരുകയാണ്.