ദുബൈ : ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും. രോഹിത് അഞ്ചാം സ്ഥാനത്തും കോലി ആറാം സ്ഥാനത്തുമാണ് തുടരുന്നത്. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇരുവരും കളിച്ചിരുന്നില്ല.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങിയ ശ്രേയസ് അയ്യര്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.74ാം സ്ഥാനത്താണ് ശ്രേയസുള്ളത്. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ 66ാമതെത്തി.
ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. കാണ്‍പൂര്‍ ടെസ്റ്റിലെ മോശം പ്രകടനമാണ് വില്യംസണ് തിരിച്ചടിയായത്. ഇതോടെ മൂന്നാം സ്ഥാനത്തായിരുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തേക്ക് കയറി.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ നാല് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ കിവീസ് ഓപ്പണര്‍ ടോം ലാഥവും നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനമുയര്‍ന്ന ലാഥം ഒമ്പതാം സ്ഥാനത്തെത്തി.
also read: IPL 2022: പാണ്ഡ്യയെ കൈവിട്ട് മുംബൈ, റെയ്‌നയെ വിട്ട് ചെന്നൈ; നിലനിർത്തിയ താരങ്ങൾ ഇവർ..
ബൗളര്‍മാരുടെ റൗങ്കിങ്ങില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റമില്ല. ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. കിവീസ് പേസര്‍ ടിം സൗത്തി, ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മൂന്ന് സ്ഥാനങ്ങള്‍ ഉയയര്‍ന്ന പാക് പേസര്‍ ഷഹീന്‍ അഫ്രീദി അഞ്ചാമതെത്തി.
ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തിയ കിവീസ് താരം കെയ്ല്‍ ജാമിസണാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ രണ്ടാമതെത്തി. ആര്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്. വെസ്‌റ്റ്ഇന്‍ഡീസ് താരം ജാസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്.