ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്ക് സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ബുധനാഴ്ച പുറത്തുവിട്ട പട്ടികയില്‍ 747 റേറ്റിങ് പോയിന്‍റോടെ ആറാം സ്ഥാനത്തെത്താന്‍ താരത്തിനായി. കഴിഞ്ഞ മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ പ്രകടനമാണ് പന്തിന് തുണയായത്. പരമ്പരയില്‍ സ്വദേശത്തെ ആദ്യ സെഞ്ചുറിയും 23കാരന്‍ കണ്ടെത്തിയിരുന്നു.
read more:ഐപിഎല്‍: ഇംഗ്ലീഷ് താരങ്ങളില്‍ പതിനൊന്നില്‍ എട്ടും കടല്‍ കടന്നു
അതേസമയം ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നേട്ടവും താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലി( അഞ്ചാം സ്ഥാനം, 814 റേറ്റിങ് പോയിന്‍റ് ), രോഹിത് ശര്‍മ (പന്തിനൊപ്പം ആറാം സ്ഥാനം) എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ന്യൂസീലന്‍ഡ് താരം ഹെന്‍ട്രി നിക്കോള്‍സും ഇതേ റേറ്റിങ് പോയിന്‍റോടെ ആറാം സ്ഥാനത്തുണ്ട്.
read more: സ്റ്റുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ പിടിയില്‍
അതേസമയം 919 റേറ്റിങ് പോയിന്‍റോടെ ന്യൂസീലന്‍റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത് (891) രണ്ടാമതും മര്‍നസ് ലബൂഷെയ്ന്‍ (878) മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് (831) ആണ് നാലാം സ്ഥാനത്ത്. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർ യഥാക്രമം 14, 15 സ്ഥാനങ്ങൾ കരസ്ഥമാക്കി.