ദുബായ് : പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ടു. ഇന്ത്യയുടെ പ്രീമിയര്‍ ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിന്‍ ബോളര്‍മാരുടെ പട്ടികയില്‍ തലപ്പത്ത് തുടര്‍ന്നപ്പോള്‍ ബാറ്റര്‍മാരില്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷെയ്‌ന്‍റെ ഭരണം അവസാനിപ്പിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പുറത്തിരിക്കേണ്ടി വന്നിട്ടും 860 റേറ്റിങ് പോയിന്‍റുമായാണ് അശ്വിന്‍ നമ്പര്‍-വണ്‍ ബോളറായി തുടരുന്നത്.
829 പോയിന്‍റുള്ള ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആൻഡേഴ്സണാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ ബോളര്‍മാരില്‍ ജസ്പ്രീത് ബുംറ (772 റേറ്റിങ് പോയിന്‍റ്), രവീന്ദ്ര ജഡേജ (765 റേറ്റിങ് പോയിന്‍റ്) എന്നിവരാണ് ആദ്യ പത്തിലുള്ളത്. ജസ്പ്രീത് ബുംറ എട്ടാം സ്ഥാനത്തുള്ളപ്പോള്‍ ഒമ്പതാം റാങ്കിലാണ് ജഡേജ.
ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റര്‍ 10-ാം സ്ഥാനത്തുള്ള റിഷഭ് പന്താണ്. വിരാട് കോലി ഒരു സ്ഥാനം താഴ്‌ന്ന് 14-ാമത് ആയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 12-ാം റാങ്കിലാണ്. ചേതേശ്വര്‍ പുജാര 25-ാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഓരോ സ്ഥാനങ്ങള്‍ ഉയര്‍ന്നു. നിലവില്‍ രഹാനെ 36-ാമതും ശ്രേയസ് 37-ാം റാങ്കിലുമാണ്. ഓസീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രേയസ് കളിച്ചിരുന്നില്ല.
ബാറ്റര്‍മാരുടെ ആദ്യ പത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ജോ റൂട്ട് ഒന്നാം റാങ്കിലേക്ക് എത്തിയത്. 887 റേറ്റിങ് പോയിന്‍റാണ് താരത്തിനുള്ളത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിലെ പ്രകടനമാണ് റൂട്ടിന് തുണയായത്. ആദ്യ ഇന്നിങ്സില്‍ 118 റണ്‍സ് നേടി പുറത്താവാതെ നിന്ന താരം രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സടിച്ചിരുന്നു.