ദുബായ് : ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ടു. ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം ഉയര്‍ന്ന് ന്യൂസിലന്‍ഡ് ബാറ്റര്‍ കെയ്‌ന്‍ വില്യംസണ്‍ ഒന്നാം റാങ്ക് തിരികെ പിടിച്ചു. 2021-ന് ശേഷം ആദ്യമായിട്ടാണ് വില്യംസണ്‍ ഒന്നാമതെത്തുന്നത്.
ഐപിഎല്ലിനിടെ പരിക്കേറ്റ കിവീസ് താരം കഴിഞ്ഞ മൂന്ന് മാസമായി കളിക്കളത്തിന് പുറത്താണ്. 883 പോയിന്‍റാണ് കെയ്‌ന്‍ വില്യംസണുള്ളത്. കഴിഞ്ഞ തവണത്തെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നിലവില്‍ 882 റേറ്റിങ് പോയിന്‍റാണ് സ്‌മിത്തിനുള്ളത്.
ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്‍റെ സെഞ്ചുറിയുടെ മികവിലാണ് സ്‌മിത്ത് റാങ്കില്‍ മുന്നേറ്റം നടത്തിയത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 110 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 34 റണ്‍സുമായിരുന്നു താരം നേടിയത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കെയ്‌ന്‍ വില്യംസണെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം സ്‌മിത്തിന് മുന്നിലുണ്ട്. മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ റൂട്ടിന് കഴിഞ്ഞിരുന്നില്ല. 10, 18 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്‌സിലുമായി സ്‌മിത്തിന് നേടാന്‍ കഴിഞ്ഞത്.
ഓസീസിന്‍റെ മാര്‍നസ് ലബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആറാം സ്ഥാനത്തുണ്ട്. ഓസീസിന്‍റെ ഉസ്മാന്‍ ഖവാജ, ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍, ശ്രീലങ്കയുടെ ദിമുത് കരുണാരത്‌നെ, ഇന്ത്യയുടെ റിഷഭ് പന്ത് എന്നിവരാണ് യഥാക്രമം ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 12-ാം റാങ്കിലും വിരാട് കോലി 14-ാം റാങ്കിലും തുടരുകയാണ്.