ദുബായ് :ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരേ മൊഹാലി ടെസ്റ്റില്‍ അവിസ്‌മരണീയ ഓള്‍റൗണ്ട് പ്രകടനം കാഴ്‌ചവച്ചതിന് പിന്നാലെയാണ് ഐസിസിയുടെ റാങ്കിംഗിലും ജഡേജ വന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
'മൊഹാലിയിൽ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് വിജയത്തിൽ രവീന്ദ്ര ജഡേജയുടെ പ്രകടനം അദ്ദേഹത്തെ ഐസിസി ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിച്ചു' - ഐസിസി പ്രസ്‌താവനയിൽ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറിനെ പിന്തള്ളിയാണ് രവീന്ദ്ര ജഡേജ ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായി മാറിയിരിക്കുന്നത്. പുതിയ റാങ്കിംഗിൽ 406 റേറ്റിങ് പോയിന്‍റാണ് ജഡ്ഡുവിനുള്ളത്. 382 റേറ്റിങ് പോയിന്‍റോടെയാണ് ഹോള്‍ഡര്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ ആര്‍. അശ്വിന്‍ 347 പോയിന്‍റുമായി മൂന്നാമതുമുണ്ട്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍റെ നാലാം സ്ഥാനത്തിന് മാറ്റമില്ല.
മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്‌ത താരം ആദ്യ ഇന്നിംഗ്‌സില്‍ പുറത്താവാതെ 175 റണ്‍സ് നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചും രണ്ടാമിന്നിംഗ്‌സില്‍ നാലും വിക്കറ്റുകള്‍ വീഴ്ത്തി. 2021 ഫെബ്രുവരി മുതൽ ഈ സ്ഥാനം വഹിച്ചിരുന്ന ജേസൺ ഹോൾഡറിൽ നിന്ന് സ്ഥാനം വീണ്ടെടുക്കാൻ ഈ അവിസ്‌മരണീയ ഓള്‍റൗണ്ട് പ്രകടനം ധാരാളമായിരുന്നു.
കരിയറില്‍ രണ്ടാം തവണയാണ് ടെസ്റ്റിലെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗിൽ രവീന്ദ്ര ജഡേജ ഒന്നാംസ്ഥാനത്തെത്തുന്നത്. നേരത്തേ 2017 ആഗസ്റ്റിലായിരുന്നു അദ്ദേഹം ഒന്നാമതെത്തിയത്. അന്ന് ഒരാഴ്‌ചയാണ് ജഡേജക്ക് ഒന്നാം റാങ്കില്‍ തുടരാനായത്. ശ്രീലങ്കയുമായുള്ള അവസാനത്തെ ടെസ്റ്റില്‍ മികച്ച പ്രകടനം തുടരാനായാൽ ഒന്നാംസ്ഥാനം കൂടുതല്‍ ഭദ്രമാക്കാം.