കേരളം

kerala

ETV Bharat / sports

T20 World Cup: ഇന്ന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് സെമി പോരാട്ടം - eoin morgan

ടി20 ലോകകപ്പിലെ ആദ്യ ഫൈനലിറ്റാവാന്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പോരാടിക്കുമ്പോള്‍ അബുദബി ഷെയ്‌ഖ് സായിദ് സ്റ്റേഡിയത്തില്‍ തീപാറും.

ICC T20 World  England vs New Zealand  ടി20 ലോകകപ്പ്  ഇംഗ്ലണ്ട് ന്യൂസിലന്‍ഡ്  ഇയാന്‍ മോര്‍ഗന്‍  കെയ്‌ന്‍ വില്യംസണ്‍  eoin morgan  kane williamson
T20 World Cup: ഇന്ന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് സെമി പോരാട്ടം

By

Published : Nov 10, 2021, 8:51 AM IST

അബുദബി: ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ട് ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദബി ഷെയ്‌ഖ് സായിദ് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ടൂര്‍ണമെന്‍റിന്‍റെ ഫൈനലുറപ്പിക്കാന്‍ മികച്ച ഫോമിലുള്ള ഇരു സംഘവും ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറും.

സൂപ്പര്‍ 12ലെ യാത്ര

സൂപ്പര്‍ 12 പോരാട്ടത്തിലെ മരണഗ്രൂപ്പായ ഒന്നില്‍ നിന്നും കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് സെമിക്കെത്തിയത്. ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ടാണ് ഇംഗ്ലണ്ട് ആരംഭിച്ചത്. തുടര്‍ന്ന് ബംഗ്ലാദേശ്(എട്ട് വിക്കറ്റ്), ഓസ്‌ട്രേലിയ (എട്ട് വിക്കറ്റ്), ശ്രീലങ്ക (26 റണ്‍സ്) എന്നീ ടീമുകളെയും സംഘം കീഴടക്കി. എന്നാല്‍ അവസാന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും സംഘവും 10 റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു.

എന്നാല്‍ രണ്ടാം ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് കെയ്‌ന്‍ വില്യംസണും സംഘവും സെമിക്കെത്തുന്നത്. ആദ്യമത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കിവീസ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ആരംഭം കുറിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി. തുടര്‍ന്ന് തുടര്‍ച്ചായായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് സംഘം സെമി പിടിച്ചത്. സ്‌കോട്‌ലന്‍ഡ് (16 റണ്‍സ്), നമീബിയ (52 റണ്‍സ്), അഫ്‌ഗാനിസ്ഥാന്‍(എട്ട് വിക്കറ്റ്) എന്നീ ടീമുകള്‍ക്കെതിരായിരുന്നു കിവീസിന്‍റെ വിജയം.

ആശങ്കയും ആത്മവിശ്വാസവും

ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത് മികച്ച ഫോമിലുള്ള ജോസ്‌ ബട്ട്‌ലറുടെ പ്രകടനം ടീമില്‍ നിര്‍ണായകമാവും. നായകന്‍ ഇയന്‍ മോര്‍ഗന്‍, മൊയിന്‍ അലി, ഡേവിഡ് മലാൻ, ജോണി ബ്രിസ്റ്റോ, ക്രിസ്‌വോക്‌സ് എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമാവും. അതേസമയം പേസർ ടൈമൽ മിൽസിൻ, ഓപ്പണ്‍ ജേസണ്‍ റോയ്‌ എന്നിവര്‍ പരിക്കേറ്റ് പുറത്ത് പോയത് ടീമിന് തിരിച്ചടിയാണ്.

ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരാണ് കിവീസ്. ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ബൗളിങ്ങാണ് ടീമിന്‍റെ കരുത്ത്. ട്രെൻഡ് ബോൾട്ട്, ടിം സൗത്തി, ആദം മില്‍നെ എന്നിവരുടെ ആദ്യ സ്‌പെല്ലിലെ പ്രകടനം ടീമിന് നിര്‍ണായകമാവും. ബാറ്റിങ്ങില്‍ ഫോമിലുള്ള മാർട്ടിൻ ഗപ്റ്റിലാണ് ടീമിന്‍റെ പ്രതീക്ഷ. കെയ്ൻ വില്യംസണ്‍,ഡാരിൽ മിച്ചൽ,ഗ്ലെൻ ഫിലിപ്സ്, ഡെവണ്‍ കോണ്‍വെ തുടങ്ങിയ താരങ്ങളും മിന്നിയാല്‍ കിവീസിനെ പിടിച്ച് കെട്ടുക എളുപ്പമാവില്ല.

ചരിത്രം

ടി20ക്രിക്കറ്റില്‍ ഇരു സംഘവും ഇതേവരെ 20 തവണയാണ് നേര്‍ക്ക് നേര്‍ വന്നത്. ഇതില്‍ മുന്‍ തൂക്കം ഇംഗ്ലണ്ടിനുണ്ട്. 13 തവണ ഇംഗ്ലണ്ട് ജയം പിടിച്ചപ്പോള്‍ ഏഴ്‌ മത്സരങ്ങളാണ് കിവീസിനൊപ്പം നിന്നത്. ടി20 ലോകകപ്പില്‍ നേരത്തെ അഞ്ച് തവണയാണ് ഇരുവരും പോരടിച്ചത്. മൂന്ന് മത്സരങ്ങള്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ കീവീസും നേടി.

ടോസ്

ബൗളര്‍മാര്‍ക്ക് പൊതുവെ ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് അബുദബിയിലേത്. നേരത്തെ ഇവിടെ നടന്ന മത്സരങ്ങളിലധികവും രണ്ടാമത് ബാറ്റ് ചെയ്‌ത് ടീമാണ് വിജയം നേടിയത്. ഇതോടെ ടോസ് ലഭിക്കുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

ABOUT THE AUTHOR

...view details