സിഡ്‌നി : ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ആരംഭിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നാളെ ആരംഭിക്കുന്ന യോഗ്യത റൗണ്ടിൽ നമീബിയയ്‌ക്ക് ശ്രീലങ്കയാണ് എതിരാളി. ടൂർണമെന്‍റ് ഓപ്പണറിന് മുന്നോടിയായി പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളുടെ ക്യാപ്റ്റന്മാരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
ഐസിസിയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചത്. 'ക്യാപ്റ്റൻസ് ഡേ'യോട് അനുബന്ധിച്ചാണ് ടൂര്‍ണമെന്‍റില്‍ 16 ടീമുകളുടെ നായകരും ഒന്നിച്ചെത്തിയത്. ഇവിടെ വച്ച് തങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്‌തിരുന്നു.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. ഇതില്‍ നിന്നും നാല് ടീമുകള്‍ സൂപ്പര്‍ 12 ലേക്ക് കടക്കും. നമീബിയ, ശ്രീലങ്ക, നെതർലൻഡ്‌സ്, യുഎഇ എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും വെസ്റ്റ് ഇൻഡീസ്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, സിംബാബ്‌വെ എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും.
യോഗ്യത റൗണ്ടിന് ശേഷം ഒക്‌ടോബര്‍ 22നാണ് സൂപ്പര്‍ 12 ആരംഭിക്കുന്നത്. 23ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
വിജയികള്‍ക്കുള്ള സമ്മാനത്തുക ഐസിസി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 1.6 മില്യൺ യുഎസ് ഡോളറാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് ഈ തുകയുടെ പകുതിയാണ് സമ്മാനമെന്നാണ് ഐസിസി അറിയിച്ചത്. ടൂര്‍ണമെന്‍റില്‍ ആകെ 5.6 മില്യൺ യുഎസ് ഡോളറാണ് സമ്മാനമായി വിതരണം ചെയ്യുക.