ദുബായ് : ടി20 ലോകകപ്പിലെ തുടക്കം ഗംഭീരമാക്കാന്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ലോകകപ്പ് പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഇതേവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.
ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു. ഇതോടെ ചരിത്രം തുടരാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ പുതുചരിത്രമാവും പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്.
ആത്മവിശ്വാസത്തില്‍ ഇരുസംഘവും
രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് ഏകദിന ലോകകപ്പിലാണ് ഇരു സംഘവും അവസാനം ഏറ്റുമുട്ടിയത്. രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ അന്നും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ സാഹചര്യങ്ങളെല്ലാം മാറിയെന്നാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം പറയുന്നത്.
യുഎഇയിലെ പിച്ചുകളിലെ മുന്‍ പരിചയം തങ്ങള്‍ക്ക് അനുകൂലമാവുമെന്നും ബാബര്‍ പറഞ്ഞിരുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ സംഘം ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ മത്സരം നടക്കുന്ന ദുബായിലെ പിച്ചില്‍ അവസാനം കളിച്ച ആറ് ടി20 മത്സരങ്ങളിലും തോൽവി അറഞ്ഞിട്ടില്ലെന്നത് പാകിസ്ഥാന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.
ലോകോത്തര നിലവാരമുള്ള ഒരുപിടി താരങ്ങള്‍ ഇരു സംഘത്തിന്‍റേയും ശക്തിയാണെങ്കിലും നിലവില്‍ പാകിസ്ഥാനേക്കാള്‍ ഒരുപടി മുമ്പിലാണ് ഇന്ത്യ. ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കും സുപരിചിതമാണ് യുഎഇയിലെ പിച്ച്.
കളിച്ച രണ്ട് സന്നാഹ മത്സരങ്ങളിലും മികച്ച ജയം പിടിച്ച ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനേയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയേയുമാണ് സംഘം കീഴടക്കിയത്. പാകിസ്ഥാന്‍ ശക്തമായ ടീമാണെന്നും നന്നായി കളിച്ച് മത്സരം വിജയിക്കാനാണ് ശ്രമിക്കുകയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയം വ്യക്തമാക്കിയിട്ടുണ്ട്.