ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ കരിയര്‍ ബെസ്റ്റ് റേറ്റിങ് പോയിന്‍റോടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാർ യാദവ് വീണ്ടും രണ്ടാം സ്ഥാനത്ത്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 801 റേറ്റിങ് പോയിന്‍റോടെയാണ് സൂര്യയുടെ മുന്നേറ്റം.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ പ്രകടനമാണ് താരത്തിന് മുതല്‍ക്കൂട്ടായത്. മൂന്ന് മത്സര പരമ്പരയിലെ അവസാന കളിയില്‍ 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാര്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ പ്രകടനത്തിന് പിന്നാലെയും സൂര്യകുമാര്‍ രണ്ടാം റാങ്കിലെത്തിയിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി. ഓസീസിനെതിരായ രണ്ടാം ടി20യില്‍ പുറത്താവാതെ 46 റൺസ് നേടാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നു.
ബാബറും മുന്നോട്ട്:ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പാക് നായന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്ക് കയറി. ബാബര്‍ അസമും സൂര്യയും തമ്മില്‍ രണ്ട് റേറ്റിങ് പോയിന്‍റ് വ്യത്യാസം മാത്രമാണുള്ളത്. ഈ മാസമാദ്യം സഹതാരം മുഹമ്മദ് റിസ്‌വാന്‍ മറികടക്കും മുമ്പ് 1,155 ദിവസം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന താരമാണ് ബാബര്‍.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് താരത്തിന് റാങ്കിങ്ങില്‍ നേട്ടമായത്. രണ്ടാം ടി20യിൽ പുറത്താകാതെ 110 റൺസ് നേടിയ ബാബര്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്‌ച കളിച്ച മൂന്നാമത്തേയും നാലാമത്തേയും ടി20കളില്‍ എട്ട്, 36 എന്നിങ്ങനെയായിരുന്നു ബാബര്‍ നേടിയത്.