ദുബായ്: ഐസിസി ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സൂര്യകുമാർ യാദവ് ഒരു സ്ഥാനം താഴ്‌ന്ന് നാലാം സ്ഥാനത്തെത്തി. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 13ാമതെത്തി.
ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ അര്‍ധ സെഞ്ചുറി പ്രകടനമാണ് രോഹിത്തിന് തുണയായത്. മത്സരത്തില്‍ 41 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 72 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി 29ാം റാങ്കിലേക്ക് ഉയര്‍ന്നു.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരായ അര്‍ധ സെഞ്ചുറി പ്രകടനമാണ് കോലിയെ മുന്നിലേക്ക് നയിച്ചത്. ആര്‍ അശ്വന്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 50ാം സ്ഥാനത്തും, അര്‍ഷ്‌ദീപ് സിങ് 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 62ാം റാങ്കിലുമെത്തി.
മുഹമ്മദ് റിസ്‌വാന്‍ ഒന്നാമത്:ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മറികടന്ന് പാകിസ്ഥാന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഏഷ്യ കപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് റിസ്‌വാനെ ഒന്നാമതെത്തിച്ചത്.