മുംബൈ:ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ (ICC Ranking) ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ നാലാമതെത്തി (Shubman Gill ODI Ranking). താരത്തിന്‍റെ കരിയറിലെ ഏറ്റുവും മികച്ച റാങ്കിങ്ങാണിത്. 743 റേറ്റിങ് പോയിന്‍റാണ് ഗില്ലിനുള്ളത്.
അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഓപ്പണർ ഫഖർ സമാൻ പൂജ്യത്തിന് പുറത്തായതാണ് ഗില്ലിന് നേട്ടമായത്. കഴിഞ്ഞ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫഖര്‍ സമാന്‍ അഞ്ചാമതെത്തി. ഇതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാന്‍റെ തന്നെ ഇമാം ഉള്‍ ഹഖ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി.
അഫ്‌ഗാനെതിരെ പൂജ്യത്തിന് പുറത്തായെങ്കിലും 880 റേറ്റിങ് പോയിന്‍റുമായി പാക് നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. 777 റേറ്റിങ് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡസ്സനാണ് രണ്ടാം സ്ഥാനത്ത്. ഒമ്പതാമത് തുടരുന്ന വിരാട് കോലിയാണ് (Virat Kohli) പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. 705 റേറ്റിങ് പോയിന്‍റാണ് കോലിക്കുള്ളത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) 11-ാം റാങ്കില്‍ തുടരുകയാണ്. ബോളര്‍മാരുടെ പട്ടികയില്‍ അഫ്‌ഗാന്‍റെ മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയപ്പോള്‍ അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍, ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ന്യൂസിലന്‍ഡിന്‍റെ മാറ്റ് ഹെന്‍ട്രി എന്നിവര്‍ക്ക് ഓരോ സ്ഥാനം നഷ്‌ടമായി. നിലവില്‍ റാഷിദ് നാലും സിറാജ് അഞ്ചും ഹെന്‍ട്രി ആറും സ്ഥാനത്താണ്.