കേരളം

kerala

ETV Bharat / sports

പാറ്റ് കമ്മിന്‍സ് ഇനി ഒന്നാം നമ്പറല്ല; നാല് വര്‍ഷത്തിന് ശേഷം ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ താഴെ വീണ് ഓസീസ് ക്യാപ്റ്റന്‍ - ആര്‍ അശ്വിന്‍

ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ബോളറെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍.

ICC Rankings  James Anderson replaces Pat Cummins  James Anderson  Pat Cummins  James Anderson ICC Rankings  Pat Cummins ICC Rankings  r ashwin  r ashwin test ranking  ജെയിംസ് ആന്‍ഡേഴ്‌സണ്‍  ഐസിസി റാങ്കിങ്  പാറ്റ് കമ്മിന്‍സ്  ആര്‍ അശ്വിന്‍  ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് റാങ്കിങ്
പാറ്റ് കമ്മിന്‍സ് ഇനി ഒന്നാം നമ്പറല്ല

By

Published : Feb 22, 2023, 4:23 PM IST

ദുബായ്: ഐസിസി ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് തിരിച്ചടി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനം നഷ്‌ടമായ കമ്മിന്‍സ് മൂന്നാം റാങ്കിലേക്ക് വീണു. 2019 ഫെബ്രുവരി മുതല്‍ റാങ്കിങ്ങില്‍ തലപ്പത്ത് തുടര്‍ന്നിരുന്ന കമ്മിന്‍സിന് ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. നാല് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യമായ പ്രകടനം നടത്താന്‍ ഓസീസ് ക്യാപ്റ്റന് കഴിഞ്ഞിരുന്നില്ല.

ചരിത്രമായി ആൻഡേഴ്‌സണ്‍:ഇംഗ്ലണ്ടിന്‍റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഏഴ്‌ വിക്കറ്റ് വീഴ്‌ത്തിയതാണ് 40കാരന് മുതല്‍ക്കൂട്ടായത്. ഇതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ബോളറായും ആന്‍ഡേഴ്‌സണ്‍ മാറി.

നിലവില്‍ 40 വർഷവും 207 ദിവസവുമാണ് ആന്‍ഡേഴ്‌സണിന്‍റെ പ്രായം. ഓസ്‌ട്രേലിയൻ ഇതിഹാസം ക്ലാരി ഗ്രിമ്മെറ്റിന്‍റെ റെക്കോഡാണ് ഇംഗ്ലണ്ട് താരം മറികടന്നത്. കരിയറില്‍ ഇത് ആറാം തവണയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒന്നാം റാങ്കിലെത്തുന്നത്.

ജെയിംസ് ആന്‍ഡേഴ്‌സണ്‍

2016 മേയില്‍ സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡിനെ പിന്തള്ളിയാണ് താരം ആദ്യമായി ഒന്നാമതെത്തിയത്. നിലവില്‍ 866 റേറ്റിങ്‌ പോയിന്‍റാണ് ആന്‍ഡേഴ്‌സണുള്ളത്. 864 റേറ്റിങ്‌ പോയിന്‍റുമായി ഇന്ത്യന്‍ സ്‌പിര്‍ന്നര്‍ ആര്‍ അശ്വിന്‍ തൊട്ടുപിറകെയുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഒന്നാം സ്ഥാനം തിരികെപ്പിടിക്കാന്‍ അശ്വിന് അവസരമുണ്ട്. മൂന്നാം സ്ഥാനത്തേക്ക് വീണ കമ്മിന്‍സിന് 858 റേറ്റിങ്‌ പോയിന്‍റാണുള്ളത്.

ഓസീസിനെതിരായ പ്രകടനത്തോടെ ഇന്ത്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ നേട്ടമുണ്ടാക്കി. ഏഴ്‌ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജഡേജ നിലവില്‍ ഒമ്പതാം റാങ്കിലാണ്. ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍ ഒരു സ്ഥാനം ഉയര്‍ന്ന് 16-ാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഈ പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ അക്‌സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസീസിന്‍റെ മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നത്. ഇന്ത്യന്‍ താരങ്ങളില്‍ റിഷഭ് പന്ത് ആറാമതും രോഹിത് ശര്‍മ ഏഴാമതുമുണ്ട്. 16-ാം റാങ്കിലാണ് വിരാട് കോലി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ചേതേശ്വര്‍ പൂജാര 25-ാം റാങ്കിലെത്തി.

നാട്ടിലേക്ക് മടങ്ങി കമ്മിന്‍സ്:ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട സ്വകാര്യ ആവശ്യത്തിനായാണ് നാട്ടിലേക്ക് പോയത്. മൂന്നാം ടെസ്റ്റിന് മുന്നെ കമ്മിന്‍സ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. തുടര്‍ന്ന് മാർച്ച് ഒമ്പതിന് അഹമ്മദാബാദില്‍ പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും മത്സരം നടക്കും. കളിച്ച ആദ്യ രണ്ട് മത്സരങ്ങളും തോല്‍വി വഴങ്ങിയ ഓസീസ് നിലവില്‍ പരമ്പരയില്‍ 2-0ത്തിന് പിന്നിലാണ്.

നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കിയ സംഘം ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ജയം പിടിച്ചത്. ഇതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.

ALSO READ:'അയാള്‍ കുറ്റവാളിയല്ല, ഒന്ന് വെറുതെ വിടൂ..'; രാഹുലിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്‌

ABOUT THE AUTHOR

...view details