ദുബായ് : ഐസിസി ഏകദിന റാങ്കിങ്ങില്‍ (ICC ODI Rankings) ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ കിങ് കോലി മൂന്നാം റാങ്കിലേക്ക് കയറി (Virat Kohli ODI Rankings). 791 റേറ്റിങ് പോയിന്‍റാണ് താരത്തിനുള്ളത്.
ഏകദിന ലോകകപ്പിലെ (Cricket World Cup 2023) മിന്നും പ്രകടനത്തോടെയാണ് കോലി റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. 11 മത്സരങ്ങളില്‍ നിന്നും 765 റണ്‍സടിച്ച കോലി ടൂര്‍ണമെന്‍റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു (Virat Kohli in Cricket World Cup 2023). ലോകകപ്പിന് മുമ്പ് ഒമ്പതാം റാങ്കിലായിരുന്നു കോലിയുണ്ടായിരുന്നത്.
ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്‍, പാകിസ്ഥാന്‍റെ ബാബര്‍ അസം എന്നിവരാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുന്നത്. 826 റേറ്റിങ് പോയിന്‍റുള്ള ഗില്ലുമായി 35 റേറ്റിങ് പോയിന്‍റിന്‍റെ വ്യത്യാസം മാത്രമാണ് കോലിയ്‌ക്കുള്ളത്. 824 റേറ്റിങ് പോയിന്‍റാണ് ബാബറിനുള്ളത്.
2017നും 2021നും ഇടയിൽ തുടർച്ചയായ 1258 ദിവസങ്ങളില്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് വിരാട് കോലിയായിരുന്നു. പിന്നീട് ഏറെ നാള്‍ ഒന്നാം സ്ഥാനം കയ്യടക്കിവച്ച ബാബറിനെ ഏകദിന ലോകകപ്പിനിടെയാണ് ശുഭ്‌മാന്‍ ഗില്‍ പിന്നിലാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma ODI Rankings) ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തി.
769 റേറ്റിങ് പോയിന്‍റാണ് ഹിറ്റ്‌മാനുള്ളത്. കോലിയും രോഹിത്തും ഓരോ സ്ഥാനങ്ങള്‍ ഉയര്‍ന്നതോടെ ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് രണ്ട് സ്ഥാനങ്ങള്‍ നഷ്‌ടമായി അഞ്ചാം റാങ്കിലേക്ക് വീണു. ലോകകപ്പിലെ പ്രകടനം തുണച്ചതോടെ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആറാം റാങ്കിലെത്തി.
പട്ടികയില്‍ ശ്രദ്ധേയമായ മറ്റൊരു നേട്ടം ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന്‍റേതാണ്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ഹെഡ് 28 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 15-ാം റാങ്കിലാണ് എത്തിയത്.
ALSO READ:ഗില്ലും ശ്രേയസും കുല്‍ദീപും വേണ്ട ; ടി20 ലോകകപ്പ് നേടാന്‍ ഇവര്‍ മതിയെന്ന് എസ് ശ്രീശാന്ത്
ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നും, ജസ്‌പ്രീത് ബുംറ നാലും റാങ്കുകളിലുണ്ട്. ഒരു സ്ഥാനം നഷ്‌ടമായ കുല്‍ദീപ് യാദവ് ആറാമതാണുള്ളത്. മുഹമ്മദ് ഷമി (Mohammed Shami ODI Rankings) 10ാം റാങ്കിലാണുള്ളത്. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായ താരമാണ് ഷമി. ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളായിരുന്നു ഷമി വീഴ്‌ത്തിയത് (Mohammed Shami in Cricket World Cup 2023).
ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം റാങ്കിലേക്ക് എത്തി. ഓള്‍ റൗണ്ടര്‍മാരുടെ ആദ്യ പത്തില്‍ കാര്യമായ മാറ്റമില്ല. 10-ാം റാങ്കില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയുണ്ട്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനാണ് തലപ്പത്ത്.