ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടവുമായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ കോലി ആറാം സ്ഥാനത്താണ്. മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് എട്ടാം സ്ഥാനത്തേക്ക് കയറി.
ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ വിജയം നേടിയിരുന്നു. ഇന്ത്യ നേടിയ 373 റണ്‍സിന് മറുപടിക്കിറങ്ങിയ ശ്രീലങ്കയ്‌ക്ക് 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വിരാട് കോലിയുടെ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ ടോട്ടലിന്‍റെ നട്ടെല്ല്.
87 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം 113 റണ്‍സാണ് 34കാരനായ കോലി അടിച്ച് കൂട്ടിയത്. രോഹിത് ശര്‍മ 67 പന്തില്‍ 83 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ശ്രീലങ്കയ്‌ക്ക് നിശ്ചിത ഓവറില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
സെഞ്ച്വറി നേടി പുറത്താവാതെ നിന്ന നായകന്‍ ദാസുന്‍ ഷനകയുടെ പോരാട്ടമാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. ഈ പ്രകടനത്തോടെ 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷനക 61-ാം സ്ഥാനത്തേക്ക് കുതിച്ചു. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാമത്.
ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ഡസ്സന്‍, പാകിസ്ഥാന്‍റെ ഇമാം ഉള്‍ ഹഖ്, ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനത്ത്. 15-ാം റാങ്കിലുള്ള ശ്രേയസ് അയ്യരാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ 20ലുള്ള മറ്റൊരു ഇന്ത്യന്‍ താരം.