ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ സഞ്‌ജു സാംസണും ശ്രേയസ് അയ്യരും ശുഭ്‌മാന്‍ ഗില്ലും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് തുണയായത്. മൂന്ന് മത്സര പരമ്പരയില്‍ ഒരു കളി മാത്രം കളിച്ച സഞ്‌ജു 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 82-ാം റാങ്കിലെത്തി.
ആറ് സ്ഥാനങ്ങള്‍ ഉയര്‍ന്ന ശ്രേയസ് 27-ാം റാങ്കിലെത്തിയപ്പോള്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശുഭ്‌മാന്‍ ഗില്‍ 34-ാമതെത്തി. പരമ്പരയുടെ ഭാഗമല്ലാതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വെറ്ററന്‍ ബാറ്റര്‍ വിരാട് കോലി എന്നിവര്‍ക്ക് ഓരോ സ്ഥാനം നഷ്‌ടമായി. നിലവിലെ റാങ്കിങ്ങില്‍ കോലി എട്ടാമതും രോഹിത് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
സഞ്‌ജുവിനെ തഴഞ്ഞതില്‍ പ്രതിഷേധം:കീവിസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ സഞ്‌ജു തഴയപ്പെട്ടത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബിസിസിഐക്കും മാനേജ്‌മെന്‍റിനുമെതിരെ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
ടീം കോമ്പിനേഷനാലാണ് സഞ്‌ജു പുറത്തായതെന്നാണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ നിരന്തരം പരാജയപ്പെടുന്ന റിഷഭ് പന്തിനെ പുറത്തിരുത്തി സഞ്‌ജുവിന് അവസരം നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യമുന്നയിച്ചത്.
നേട്ടമുണ്ടാക്കി കിവീസ് താരങ്ങള്‍:ഇന്ത്യയ്‌ക്കെതിരായ പ്രകടനത്തോടെ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണും ടോം ലാഥവും ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി. ആദ്യ ഏകദിനത്തില്‍ തന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 145 റണ്‍സടിച്ച് പുറത്താവാതെ നിന്ന ലാഥം 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 18-ാമത് എത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറി പ്രകടനവുമായി കൂട്ടുനിന്ന വില്യംസണ്‍ ആദ്യ പത്തില്‍ തിരിച്ചെത്തി.