ദുബായ് :വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയിരുന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ടോപ് ഓര്‍ഡറില്‍ 310 റണ്‍സ് അടിച്ച് കൂട്ടിയ ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്‍ (Shubman Gill), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരാണ് റാങ്കിങ്ങിലും കുതിപ്പ് നടത്തിയിരിക്കുന്നത്.
ഐസിസി (ICC) പുറത്തുവിട്ട ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 743 പോയിന്‍റോടെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ അഞ്ചാം സ്ഥാനത്തേക്ക് എത്തി. പരമ്പരയ്‌ക്ക് മുന്‍പ് ഏഴാം റാങ്കിലായിരുന്നു ഗില്ലിന്‍റെ സ്ഥാനം. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും 126 റണ്‍സായിരുന്നു വലംകയ്യന്‍ ബാറ്ററുടെ സമ്പാദ്യം.
ആദ്യ കളിയില്‍ ഏഴ് റണ്‍സ് മാത്രം നേടിയ ഗില്ലിന് രണ്ടാം മത്സരത്തിലും മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. 34 റണ്‍സായിരുന്നു ഈ കളിയില്‍ ഗില്ലിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. പിന്നീട്, പരമ്പര നിര്‍ണയിക്കുന്ന മൂന്നാം മത്സരത്തില്‍ 85 റണ്‍സോടെ ടീമിന്‍റെ ടോപ് സ്‌കോറര്‍ ആയും ഗില്‍ മാറിയിരുന്നു.
മറുവശത്ത്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമായിരുന്നു പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പുറത്തെടുത്തത്. 52, 55, 77 എന്നിങ്ങനെയായിരുന്നു ഇഷാന്‍ കിഷന്‍റെ സ്‌കോറുകള്‍. ഈ പ്രകടനത്തോടെ റാങ്കിങ്ങില്‍ 9 സ്ഥാനം മെച്ചപ്പെടുത്തി 36-ാം സ്ഥാനത്തേക്കാണ് ഇഷാന്‍ കിഷനെത്തിയത്.