ദുബായ് : ഏകദിന ക്രിക്കറ്റിൽ ചരിത്രമെഴുതി പാകിസ്ഥാൻ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നടത്തിയ മികച്ച പ്രകടനത്തോടെ ആദ്യമായി ഏകദിന റാങ്കിങിൽ ഒന്നാമതെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. പരമ്പരയിലെ നാലാം മത്സരത്തിൽ 102 റൺസിന്‍റെ ജയത്തോടെയാണ് ചരിത്രനേട്ടത്തിലെത്തിയത്.
2005ൽ ഐസിസിയുടെ ഔദ്യോഗിക ഏകദിന റാങ്കിങ് നിലവില്‍ വന്ന ശേഷം പാകിസ്ഥാന്‍ ആദ്യമായാണ് ഒന്നാമതെത്തുന്നത്. ഇതിനുമുമ്പ് പാകിസ്ഥാന്‍റെ മികച്ച നേട്ടം മൂന്നാം സ്ഥാനമാണ്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഒരു മത്സരം ബാക്കി നിൽക്കെ 113 പോയിന്‍റുമായാണ് പാകിസ്ഥാൻ ഒന്നാമതുള്ളത്. ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ളത്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് 106 റേറ്റിങ് പോയിന്‍റുമായി അഞ്ചാം സ്ഥാനത്തായിരുന്നു പാകിസ്ഥാൻ.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലന്‍ഡ് ഉയര്‍ത്തിയ ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച പാകിസ്ഥാൻ മൂന്നാം മത്സരത്തിൽ 26 റൺസിന്‍റെ ജയത്തേടെയാണ് ന്യൂസിലൻഡ്, ഇംഗ്ലണ്ട് ടീമുകളെ മറികടന്ന് മൂന്നാമതെത്തിയത്. നാലാം മത്സരത്തിലെ ജയം ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളെ മറികടക്കാനും സഹായകമായി.
എന്നാൽ പാകിസ്ഥാന് ഒന്നാം സ്ഥാനത്ത് തുടരണമെങ്കിൽ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനം ജയിച്ച് പരമ്പര തൂത്തുവാരേണ്ടതുണ്ട്. കറാച്ചിയിൽ നടക്കുന്ന അവസാന മത്സരത്തിൽ ജയിക്കാനായില്ലെങ്കിൽ ഒന്നാം സ്ഥാനത്തിന് അൽപായുസ് മാത്രമെയുണ്ടാകൂ. റാങ്കിങിൽ താഴെയുള്ള ടീമുകളോട് പരാജയപ്പെട്ടാൽ കൂടുതൽ റേറ്റിങ് പോയിന്‍റ് നഷ്‌ടമാകുന്നതാണ് കാരണം.
നായകന്‍ ബാബര്‍ അസമിന്‍റെ സെഞ്ച്വറി മികവിലാണ് പാകിസ്ഥാൻ വമ്പൻ ജയം നേടിയത്. കരിയറിൽ ബാബറിന്‍റെ 18-ാം സെഞ്ച്വറിയാണ് ന്യൂസിലൻഡിനെതിരെ പിറന്നത്. ടീമിനെ ഒന്നാം റാങ്കിലെത്തിച്ചതിന് പുറമെ മറ്റൊരു നേട്ടം കൂടെ ബാബറിനെ തേടിയെത്തിയിരുന്നു. ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 5,000 റൺസ് നേടുന്ന താരമായി നിലവിൽ ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതുള്ള പാക് നായകൻ. 96 മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിലെത്തിയ ബാബർ മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയെയാണ് മറികടന്നത്. 101 മത്സരങ്ങളിൽ നിന്നാണ് അംല 5,000 റൺസിലെത്തിയത്.