ദുബായ്:ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ മിതാലി രാജ് ഐസിസി വനിത ഏകദിന റാങ്കിങിൽ വീണ്ടും ഒന്നാമതെത്തി. 762 പോയിന്‍റാണ് ഒന്നാം സ്ഥാനത്തുള്ള മിതാലിക്ക് ലഭിച്ചിട്ടുള്ളത്. ഇത് ഒൻപതാം തവണയാണ് മിതാലി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. 2005ലാണ് മിതാലി ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്.
ഏകദിന- ടി20 ബാറ്റിങ്, ടി20 ബൗളിങ് റാങ്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏകദിന റാങ്കിങ് പട്ടികയിൽ മറ്റൊരു ഇന്ത്യൻ താരം സ്‌മൃതി മന്ദാന ഒൻപതാമതായി ഇടം പിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ 70 റൺസ് നേടിയതാണ് മന്ദാനക്ക് കരിയറിലെ ഏറ്റവും മികച്ച സ്ഥാനം നേടിക്കൊടുത്തത്.
ALSO READ:സഞ്ജുവില്ലാതെ പരമ്പര നേടാനുറച്ച് ഇന്ത്യ; ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യുന്നു
സൗത്ത് ആഫ്രിക്കൻ താരം ലിസെൽ ലീ രണ്ടാം സ്ഥാനത്തും ആസ്ട്രേലിയൻ താരം അലൈസ ഹെയ്‌ലി മൂന്നാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്. മറ്റ് ഇന്ത്യൻ താരങ്ങൾ ആരും തന്നെ ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല.
ടി 20 റാങ്കിങ്ങിൽ ഇന്ത്യൻ യുവതാരം ഷഫാലി വർമ്മയാണ് ഒന്നാം സ്ഥാനത്ത്. 759 പോയിന്‍റുകൾ നേടിയാണ് ഈ പതിനേഴുകാരി ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയുടെ ലേഡി സെവാഗ് സ്മൃതി മന്ദാന ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തിലേക്കെത്തി. ഓസ്ട്രേലിയൻ താരം ബെത്ത് മൂണിയാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് ആസ്ട്രേലിയൻ താരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.
ടി 20 ബൗളർമാരുടെ റാങ്കിങ്ങിൽ രണ്ട് ഇന്ത്യൻ താരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ആറാം സ്ഥാനത്ത് 703 പോയിന്‍റുകളോടെ ദീപ്തി ശർമ്മയും എട്ടാം സ്ഥാനത്ത് 670 പോയിന്‍റുകളോടെ പൂനം യാദവും. മറ്റ് ഇന്ത്യൻ താരങ്ങൾ ആരും തന്നെ ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല. ഇംഗ്ലണ്ട് താരം സോഫി എക്ലെസ്റ്റോണ്‍ ആണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമത്.