ദുബായ് : ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് കനത്ത തിരിച്ചടി. ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്‌ടമായ സിറാജ് മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെയാണ് സിറാജിന് ഒന്നാം സ്ഥാനം നഷ്‌ടമായത്.
ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ താരം കളിക്കുന്നില്ല. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ടാണ് രണ്ടാം റാങ്കിലുള്ളത്. ഓസ്‌ട്രേലിയയുടെ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് സിറാജിനൊപ്പം മൂന്നാം സ്ഥാനത്തുണ്ട്.
702 റേറ്റിങ് പോയിന്‍റാണ് സിറാജിനും സ്റ്റാര്‍ക്കിനുമുള്ളത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റാര്‍ക്ക് പുറത്തെടുത്തത്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റുമായി താരം തിളങ്ങിയിരുന്നു. ഈ മത്സരത്തില്‍ മൂന്ന് ഓവറില്‍ 37 റണ്‍സായിരുന്നു സിറാജ് വഴങ്ങിയത്. അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍, ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍, പാക്കിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദി, മുഹജീബ് ഉര്‍ റഹ്‌മാന്‍, ഓസ്‌ട്രേലിയയുടെ ആദം സാംപ, അഫ്‌ഗാന്‍റെ മുഹമ്മദ് നബി എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ സിറാജ് കേവലം ഒരു വര്‍ഷം കൊണ്ടായിരുന്നു ലോക ഒന്നാം നമ്പര്‍ ബോളരെന്ന നിലയിലേക്ക് വളര്‍ന്നത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പരയിലെ മിന്നും പ്രകടനത്തോടെയായിരുന്നു താരം റാങ്കിങ്ങില്‍ തലപ്പത്ത് എത്തിയത്. ബുംറയെത്തിയില്ലെങ്കില്‍ ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മുഹമ്മദ് ഷമിക്കൊപ്പം സിറാജ് ഇന്ത്യയുടെ പ്രധാന പേസറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബാറ്റര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ശുഭ്‌മാന്‍ ഗില്ലാണ് ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ താരം. വിരാട് കോലി ഏഴാം റാങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒമ്പതാമതുമുണ്ട്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാമത്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല.
ആദ്യ പത്തില്‍ നിന്നും രോഹിത് പുറത്ത്: ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി പ്രകടനം നടത്താന്‍ രോഹിത്തിന് കളിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയാതിരുന്ന താരം ഏറ്റവും പുതിയ റാങ്കിങ്ങില്‍ രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് 12ാമതെത്തി.