ദുബായ്: 2021 ലെ ഐസിസിയുടെ ലോക ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചു. മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം നേടിയ ടീമിനെ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസനാണ് നയിക്കുക. രോഹിത് ശർമ്മ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ എന്നിവരാണ് ടീമിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ.
ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയും രോഹിത് ശർമ്മയുമാണ് ടീമിന്‍റെ ഓപ്പണർമാർ. പിന്നാലെ ഓസീസിന്‍റെ മാർനസ് ലബൂഷെയ്ൻ ക്രീസിലെത്തും. നാലാമനായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും അഞ്ചാമനായി ടീം ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണും കളിക്കും.
ആറാമനായി പാകിസ്ഥാന്‍റെ ഫവാദ് ആലം അണ് ക്രീസിലെത്തുക. ഏഴാമനായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് കളിക്കും. ബോളർമാരിൽ സ്‌പിൻ നിരയിൽ ആർ അശ്വിൻ പന്തെറിയും. പേസ് നിരയിൽ കിവീസിന്‍റെ കൈൽ ജാമിസണ്‍, പാകിസ്ഥാൻ താരങ്ങളായ ഹസൻ അലി, ഷഹീൻ അഫ്രീദി എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
ALSO READ:അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് : അയര്‍ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ ക്വാര്‍ട്ടറില്‍
നേരത്തെ ടി20 ലോക ഇലവനേയും ഐസിസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബാബർ അസം നയിക്കുന്ന ടീമിൽ ഒരു ഇന്ത്യൻ താരത്തിന് പോലും ഇടം നേടാനായില്ല. ഇംഗ്ലണ്ടിന്‍റെ ഹീത്തർ നൈറ്റ് നയിക്കുന്ന വനിതകളുടെ ലോക ഏകദിന ടീമിൽ ഇന്ത്യൻ താരങ്ങളായ മിതാലി രാജും, ജൂലൻ ഗോ സ്വാമിയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.