ദുബായ് : ചതുര്‍ രാഷ്ട്ര ടൂർണമെന്‍റിനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ നിർദേശം ഐസിസി നിരസിച്ചു. ദുബായില്‍ ചേര്‍ന്ന ബോർഡ് യോഗമാണ് റമീസ് രാജയുടെ നിർദേശം ഏകകണ്ഠമായി തള്ളിയത്. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും നിഷ്‌പക്ഷ വേദികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു രാജയുടെ നിര്‍ദേശം.
അഞ്ച് വർഷത്തേക്ക് 750 മില്യൺ ഡോളർ വരുമാനമായിരുന്നു ഇതുവഴി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഐസിസിയുടെ സാമ്പത്തിക വാണിജ്യ കാര്യ സമിതി ഈ നിർദേശത്തിന് എതിരായിരുന്നുവെന്ന് ഒരു ബോർഡ് അംഗം പറഞ്ഞു. അംഗങ്ങളുടെ പങ്കാളിത്ത കരാർ പ്രകാരം ഒരു അംഗരാജ്യത്തെയും ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ കൂടുതല്‍ ആതിഥേയത്വം വഹിക്കാൻ അനുവദിക്കുന്നില്ലെന്നും നാല് രാജ്യങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റ് ഐസിസിയുടെ മറ്റ് പ്രധാന മത്സരങ്ങളുടെ ആകര്‍ഷണം ഇല്ലാതാക്കുമെന്നും ഈ ബോർഡ് അംഗം വ്യക്തമാക്കി.