മുംബൈ:ഇന്ത്യയുടെ നോക്കൗട്ട് മത്സരം, ഓണ്‍ ഫീല്‍ഡ് അംപയറായി റിച്ചാര്‍ഡ് കെറ്റില്‍ബറോ (Richard Kettleborough)... ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എന്നുമൊരു പേടി സ്വപ്‌നമാണ് ഈയൊരു കാര്യം. കാരണം, കെറ്റില്‍ബറോ നിയന്ത്രിച്ച നോക്കൗട്ട് മത്സരങ്ങളെല്ലാം ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് നിരാശകളാണ്. നേരത്തെ, അഞ്ച് പ്രാവശ്യമാണ് കെറ്റില്‍ബറോ ഇന്ത്യ കളിക്കാനിറങ്ങിയ നോക്കൗട്ട് മത്സരങ്ങളില്‍ ഓണ്‍ ഫീല്‍ഡ് അംപയറായെത്തിയത്.
ആദ്യം 2014ലെ ടി20 ലോകകപ്പ് ഫൈനല്‍, അന്ന് ഇന്ത്യ ശ്രീലങ്കയോട് പരാജയപ്പെട്ടു. 2015 ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ ടീമിനോട് പരാജയപ്പെട്ടപ്പോഴും ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാളായി ഉണ്ടായിരുന്നത് റിച്ചാര്‍ഡ് കെറ്റില്‍ബറോയായിരുന്നു. ഈ കളിയിലും ഇന്ത്യ പരാജയമറിഞ്ഞു.
2016ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019 ലോകകപ്പ് സെമി എന്നിവയില്‍ ഇന്ത്യ തോല്‍വിയോടെ മടങ്ങിയപ്പോഴും കെറ്റില്‍ബറോ കളിമൈതാനത്തുണ്ടായിരുന്നു. ഇങ്ങനെയൊരു ചരിത്രം ഉള്ളതുകൊണ്ട് തന്നെ ഇന്ത്യ ഏതൊരു നോക്കൗട്ട് മത്സരത്തിനിറങ്ങിയാലും ആരാധകര്‍ ആദ്യം പരിശോധിക്കുന്നതും ഓണ്‍ഫീല്‍ഡ് അംപയറായി കെറ്റില്‍ബറോയുണ്ടോ എന്നുള്ള കാര്യമാണ്. ഇത് തെരഞ്ഞെത്തുന്ന ആരാധകര്‍ക്ക് ആശ്വാസം പകരുന്നത് നാളെ (നവംബര്‍ 15) ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മത്സരം നിയന്ത്രിക്കാന്‍ കെറ്റില്‍ബറോ ഇല്ലെന്നുള്ള കാര്യമാണ്.