ഹൈദരാബാദ്:ഉപ്പല്‍ സ്റ്റേഡിയത്തില്‍ അത്‌ഭുതങ്ങളൊന്നും സംഭവിച്ചില്ല. ലോക വേദികളിലെ മത്സര പരിചയം മുതല്‍ക്കൂട്ടാക്കി ന്യൂസിലൻഡ് കത്തിക്കയറിയപ്പോൾ ലോകകപ്പിലെ രണ്ടാം മത്സരത്തിലും നെതർലണ്ട്‌സിന് തോല്‍വി. ന്യൂസിലൻഡ് ഉയർത്തിയ 323 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ നെതർലണ്ട്‌സ് 46.3 ഓവറില്‍ 223 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ന്യൂസിലൻഡ് 99 റൺസിന്‍റെ വമ്പൻ ജയം സ്വന്തമാക്കി.
ഹൈദരാബാദില്‍ ടോസ് നേടിയ നെതർലണ്ട്‌സ് ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോമില്‍ തുടരുന്ന ന്യൂസിലൻഡ് ബാറ്റർമാർ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. അർധസെഞ്ച്വറിയുമായി വില്‍ യങ് (70), രചിൻ രവിന്ദ്ര (51), നായകൻ ടോം ലാഥം (53) എന്നിവർ തിളങ്ങിയപ്പോൾ ന്യൂസിലൻഡ് മികച്ച സ്കോറിലെത്തി. ഇവർക്കൊപ്പം
ഡെവൺ കോൺവേ (32), ഡാരില്‍ മിച്ചല്‍ ( 48), മിച്ചല്‍ സാന്‍റ്നർ (36 എന്നിവർ കൂടി തകർത്തടിച്ചപ്പോൾ കിവീസ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 323 റൺസ് എന്ന സ്കോർ ഓറഞ്ച് പടയ്ക്ക് മുന്നില്‍ വിജയലക്ഷ്യമുയർത്തുകയായിരുന്നു. നെതർലണ്ടസ്‌സിന് വേണ്ടി ആര്യൻ ദത്ത്, പോൾ വാൻ മീരെരെൻ, റുലോഫ് വാൻഡെർ വെർവെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലണ്ട്‌സിന് വേണ്ടി കോളിൻ അകെർമാൻ മാത്രമാണ് പിടിച്ചു നിന്നത്. അകെർമാൻ 69 റൺസെടുത്ത് പുറത്തായി. ആദ്യ ഏഴ് ബാറ്റർമാരും രണ്ടക്കം കണ്ടെങ്കിലും ന്യൂസിലൻഡ് ബൗളർമാർ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകൾ വീഴ്ത്തിയതോടെ ലോകകപ്പിലെ കുഞ്ഞൻമാർ തോല്‍വിയറിഞ്ഞു. ന്യൂസിലൻഡിന് വേണ്ടി മിച്ചല്‍ സാന്‍റ്നർ 10 ഓവറില്‍ 59 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻട്രി മൂന്ന് വിക്കറ്റ് നേടി. മിച്ചല്‍ സാന്‍റ്‌നറാണ് കളിയിലെ കേമൻ.