ദുബായ്: 2022 ലെ എമേര്‍ജിങ് വനിത ക്രിക്കറ്റര്‍ക്കുള്ള ഐസിസിയുടെ പുരസ്‌കാരത്തിന് അര്‍ഹയായി ഇന്ത്യയുടെ രേണുക സിങ്. ഇന്ത്യയുടെ തന്നെ യാസ്‌തിക ഭാട്ട്യ, ഓസ്ട്രേലിയന്‍ താരം ഡാര്‍സീ ബ്രൗണ്‍, ഇംഗ്ലണ്ടിന്‍റെ അലീസ് കാപ്‌സി എന്നിവരെ മറികടന്നാണ് രേണുകയുടെ നേട്ടം. കഴിഞ്ഞ വര്‍ഷം 29 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ രേണുക സിങ് 40 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
പേസും സ്വിങ്ങുമായി എതിരാളികളെ വിറപ്പിച്ച താരം 4.62 ഇക്കോണമിയില്‍ 18 ഏകദിന വിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്. 6.50 ഇക്കോണമിയില്‍ 22 വിക്കറ്റുകളായിരുന്നു 26കാരി ടി20 മത്സരങ്ങളില്‍ നിന്ന് പിഴുതത്. ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റില്‍ 14.88 ശരാശരിയിലായിരുന്നു രേണുക 18 വിക്കറ്റുകള്‍ നേടിയത്.
ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളില്‍ നിന്നായിരുന്നു ഇതില്‍ എട്ട് വിക്കറ്റും. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ ഏഴ് പേരെ മടക്കിയപ്പോള്‍ ഓസ്ട്രേലിയക്കെതരെ ഏഴ് ടി20 മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റും രേണുക സ്വന്തം പേരിലാക്കി. ഇതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിനെ വിറപ്പിച്ച നാല് വിക്കറ്റ് നേട്ടവും ശ്രദ്ധേയമായിരുന്നു.