ദുബായ്: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയ വാർത്ത വലിയ ആവേശത്തോടെയാണ് ഇന്ത്യൻ ആരാധകർ ആഘോഷിച്ചത്. എന്നാൽ ആവേശത്തിന്‍റെ ചൂടാറും മുന്നേ മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യ റാങ്കിങ്ങിൽ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് വീണു. സാങ്കേതിക തകരാർ മൂലമാണ് റാങ്കിങ്ങിൽ തെറ്റ് വന്നതെന്നായിരുന്നു ഐസിസിയുടെ വിശദീകരണം.
ക്ഷമാപണം നടത്തി ഐസിസി:സങ്കേതിക തകറാർ മൂലം ഐസിസി വെബ്‌സൈറ്റിൽ കുറച്ച് സമയത്തേക്ക് ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് തെറ്റായി കാണിച്ചിരുന്നു. പറ്റിയ തെറ്റിലും നിങ്ങൾക്കുണ്ടായ അസൗകര്യത്തിലും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. സിംബാബ്‌വെ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്ക് 126 പോയിന്‍റും ഇന്ത്യക്ക് 115 പോയിന്‍റുമാണുള്ളത്... ഐസിസി വ്യക്‌തമാക്കി.
ബുധനാഴ്‌ച ഐസിസി പുറത്തിറക്കിയ ടെസ്റ്റ് റാങ്കിങ്ങിലാണ് ഓസ്‌ട്രേലിയയെ പിൻതള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തിയെന്ന് കാണിച്ചിരുന്നത്. ചരിത്രത്തിൽ ആദ്യമായി മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാം റാങ്കിലെത്തിയത് ആരാധകരും ആഘോഷമാക്കി. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ നാഗ്‌പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിനും 132 റണ്‍സിനും ജയിച്ചതിന് പിന്നാലെ ഇന്ത്യ റാങ്കിങിൽ മുന്നേറി എന്നായിരുന്നു ആരാധകർ കരുതിയിരുന്നത്.
എന്നാൽ റാങ്കിങ് പ്രസിദ്ധപ്പെടുത്തി നാല് മണിക്കൂറുകൾക്ക് ശേഷം സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഇന്ത്യയെ വീണ്ടും രണ്ടാം സ്ഥാനത്തേക്കെത്തിച്ചുകൊണ്ടുള്ള പുതുക്കിയ റാങ്കിങ് പട്ടിക ഐസിസി പുറത്തുവിടുകയായിരുന്നു. പിന്നാലെ ഇതിൽ വൻ വിമർശനങ്ങൾ ഉയർന്നതോടെയാണ് ക്ഷമാപണവുമായി ഐസിസി തന്നെ രംഗത്തെത്തിയത്.