ഹൈദരാബാദ് : അയർലൻഡിനെതിരായ മത്സരത്തിൽ സഞ്‌ജുവിന്‍റെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരവും കമന്‍റേറ്ററുമായ ഇയാൻ ബിഷപ്പ്. സഞ്ജുവിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണം. അവൻ അസാധാരണ പ്രതിഭയാണ്. വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിവുള്ള താരമാണെന്നും ബിഷപ്പ് ട്വീറ്റ് ചെയ്‌തു.
സഞ്ജുവിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണം, അവൻ അസാധാരണ പ്രതിഭ : ഇയാൻ ബിഷപ്പ് - സഞ്ജുവിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണം ഇയാൻ ബിഷപ്പ്
അയർലൻഡിനെതിരായ രണ്ടാം ട്വന്‍റി 20യിൽ ദീപക് ഹൂഡയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്
അയർലൻഡിനെതിരായ രണ്ടാം ട്വന്‍റി 20യിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം ടീമിലിടം നേടിയ സഞ്ജു കിട്ടിയ അവസരം മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചു. അനാവശ്യ ഷോട്ടുകൾക്ക് മുതിരാത്ത സഞ്ജു മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് പ്രഹരിച്ചു. 42 പന്തുകളിൽ ന്ന് 77 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറുകളും നാല് സിക്‌സറുകളും സഞ്‌ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു.
ദീപക് ഹൂഡയുടെ സെഞ്ച്വറിയും മത്സരത്തിന്‍റെ ഹൈലൈറ്റ് ആയിരുന്നു. 57 പന്തിൽ നിന്ന് 104 റൺസാണ് ഹൂഡ നേടിയത്. ഇരുവരുടെയും ബലത്തിൽ ഇന്ത്യ നേടിയത് 225 റൺസ്. മറുപടി ബാറ്റിങ്ങില്‍ അയർലൻഡ് എത്തിനോക്കിയെങ്കിലും നാല് റൺസ് അകലെ വീണു. ട്വന്‍റി 20 ക്രിക്കറ്റിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന ഇന്ത്യൻ കൂട്ടുകെട്ട് എന്ന റെക്കോർഡാണ് സഞ്ജു-ഹൂഡ സഖ്യം നേടിയത്.