ഹൈദരാബാദ് : ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവുമധികം മികച്ച അരങ്ങേറ്റ താരം എന്ന വിശേഷണത്തിന് ഏറ്റവും അർഹതയുള്ള ബാറ്ററാണ് മുംബൈ ഇന്ത്യൻസിന്‍റെ തിലക് വർമ. മുംബൈ ഇന്ത്യൻസിനായി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയതും ഈ 19 കാരൻ തന്നെയായിരുന്നു. സീസണിൽ 14 മത്സരങ്ങൾ കളിച്ച താരം 397 റണ്‍സുമായി മുംബൈക്ക് വേണ്ടി ഈ വർഷം ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമെത്തി.
മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിനായി കളിക്കാൻ കഴിവുള്ള താരം എന്നാണ് തിലകിന്‍റെ പ്രകടനം വിലയിരുത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയും മുൻ താരം സുനിൽ ഗവാസ്‌കറും അഭിപ്രായപ്പെട്ടത്. ടീം മോശം പ്രകടനമാണ് കാഴ്‌ചവെച്ചതെങ്കിലും തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം തിലക് വർമ ഇടിവി ഭാരതുമായി പങ്കുവച്ചു.
ഓൾറൗണ്ടർ എന്ന നിലയിൽ : അരങ്ങേറ്റ സീസണ്‍ ഇത്രത്തോളം ഗംഭീരമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കളിക്കാൻ അവസരം കിട്ടുമെന്ന് പോലും കരുതിയില്ല. 14 മത്സരങ്ങൾ കളിച്ച് ഏറ്റവും കൂടുതൽ സ്‌കോറർമാരിൽ രണ്ടാം സ്ഥാനത്തെത്തിയത് ഒരു മികച്ച അനുഭവമാണ്. ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടാത്തത് വേദനിപ്പിച്ചു. മിക്കവാറും എല്ലാ മത്സരങ്ങളിലും ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. തിലക് പറഞ്ഞു.
കളിക്കുമ്പോൾ എല്ലാവരുടെയും ഉപദേശങ്ങളും നിർദ്ദേശങ്ങളും ഞാൻ ഉപയോഗിച്ചു. എല്ലാവരും എന്‍റെ ബാറ്റിംഗിനെക്കുറിച്ച് പോസിറ്റീവായി സംസാരിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. തിലക് ടീം ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമയും ഇതിഹാസം സുനിൽ ഗവാസ്‌കറും പറഞ്ഞപ്പോൾ സത്യത്തിൽ എന്‍റെ കണ്ണുകൾ നിറഞ്ഞു.
കളിക്കളത്തിലിറങ്ങുമ്പോള്‍ ഈ വാക്കുകൾ ഞാൻ ഓർത്തു. അടുത്ത വർഷം എന്‍റെ ഉത്തരവാദിത്തം ഇനിയും കൂടുമെന്ന് അവർ പറഞ്ഞു. അവർ എന്നെ ഒരു മുഴുനീള ഓൾറൗണ്ടറായാണ് കാണുന്നത്. ഞാൻ ഓഫ് സ്‌പിന്നറായി 4 ഓവർ എറിയണമെന്നും അവർ ആഗ്രഹിക്കുന്നു. ഇന്ത്യൻ ദേശീയ ടീമിൽ ഒരു ഓൾറൗണ്ടറാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തിലക് പറഞ്ഞു.
ഇതിഹാസങ്ങളിൽ നിന്നുള്ള പാഠങ്ങൾ : ഐപിഎല്ലിൽ എത്തുന്നതിന് മുൻപ് സച്ചിൻ ടെൻഡുൽക്കർ, മഹേല ജയവർദ്ധനെ, സഹീർ ഖാൻ, രോഹിത് ശർമ എന്നിവരെ ഞാൻ ടിവിയിൽ മാത്രമാണ് കണ്ടിട്ടുണ്ടായിരുന്നത്. അവരെ ആദ്യമായി ഹോട്ടലിൽ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് വല്ലാത്തൊരു ഞെട്ടലുണ്ടായി. അവരോട് സംസാരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. മത്സരത്തിന് മുമ്പുള്ള ചർച്ചയിൽ അവർ പങ്കെടുത്തിരുന്നു.
എന്നോട് സൗഹൃദപരമായാണ് ഇവർ ഇടപെട്ടത്. ഇത് എന്നിലെ ഭയം കുറയ്‌ക്കുന്നതിന് സഹായിച്ചു. കളിക്കളത്തിലും അവരെല്ലാം എന്നെ പിന്തുണച്ചു. ഏത് ബൗളർക്കെതിരെ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അവർ ടിപ്പുകൾ നൽകി. സച്ചിൻ, ജയവർദ്ധനെ, സഹീർ എന്നിവർ എന്‍റെ കളി കൂടുതൽ മെച്ചപ്പെടുത്തുകയും സമ്മർദ്ദമില്ലാതെ കളി എങ്ങനെ ആസ്വദിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു.
ക്യാപ്റ്റനിൽ നിന്ന്:മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പോയതിന്‍റെ പിറ്റേന്ന് ഒരു സെഷനിൽ രോഹിത്തിനൊപ്പം ഞാൻ പ്രാക്‌ടീസ് ചെയ്തു. എന്‍റെ ബാറ്റിംഗിൽ അദ്ദേഹം അമ്പരന്നു. രണ്ടാം ദിവസത്തെ പരിശീലന സെഷനിലും അദ്ദേഹം എന്നെ പരിശോധിച്ചു. 'ഇത്രയും ചെറുപ്പത്തിൽ തന്നെ നിനക്ക് മികച്ച കഴിവുണ്ട്' എന്നാണ് പരിശീലന ശേഷം രോഹിത് എന്നോട് പറഞ്ഞത്.
ഏകാഗ്രതയോടെ കളി തുടരാൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു. സമ്മർദ്ദത്തിലാകരുതെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ വാക്കുകൾ എന്നെ പ്രചോദിപ്പിച്ചു. അവസാന മത്സരം വരെ ഞാൻ അദ്ദേഹത്തിന്‍റെ ഉപദേശം പാലിച്ചു- തിലക് പറഞ്ഞു.
മികച്ച പിന്തുണ :അണ്ടർ 19 ലോകകപ്പ് കളിച്ച പരിചയം ഉള്ളതിനാൽ ഐപിഎല്ലിലും എളുപ്പത്തിൽ ഫിറ്റ് ചെയ്യാനാകും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. കാണികളേറെയില്ലെങ്കിലും അണ്ടർ 19 ലോകകപ്പിൽ രാജ്യത്തിന് വേണ്ടി കളിക്കാൻ സമ്മർദം ഉണ്ടായിരുന്നു. എന്നാൽ ഐപിഎല്ലിൽ ക്യാപ്റ്റൻ രോഹിത്തും സച്ചിൻ സാറും ഉൾപ്പടെ ടീം മാനേജ്‌മെന്‍റ് നൽകിയ പിന്തുണ എന്നിലെ സമ്മർദം കുറച്ചു.
വൺ ഡൗൺ, ടു ഡൗൺ, ത്രീ ഡൗൺ എന്നിങ്ങനെ പല പൊസിഷനുകളിലായി 14 മത്സരങ്ങൾ ഞാൻ കളിച്ചു. ഏത് ബാറ്റിങ് ഓർഡറിലും അനായാസം കളിക്കാൻ കഴിയുമെന്ന് ഞാൻ തെളിയിച്ചു. ഓപ്പണർമാർ തുടക്കത്തിലേ പുറത്താവുകയാണെങ്കിൽ ഫിനിഷറാകാൻ ഞാൻ ശ്രമിച്ചു. അതും പലപ്പോഴും വിജയം കണ്ടു - തിലക് കൂട്ടിച്ചേർത്തു.