കേരളം

kerala

ETV Bharat / sports

'വിമര്‍ശനങ്ങളില്‍ ശൈലി മാറ്റാന്‍ തയ്യാറല്ല': വൃദ്ധിമാൻ സാഹ - ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

വര്‍ഷങ്ങളായി പഠിച്ചെടുത്ത കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ഞാന്‍ ശ്രമിക്കാറ്.

Wriddhiman Saha  വൃദ്ധിമാൻ സാഹ  world test championship  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  റിഷഭ് പന്ത്
'വിമര്‍ശനങ്ങളില്‍ ശൈലി മാറ്റാന്‍ തയ്യാറല്ല': വൃദ്ധിമാൻ സാഹ

By

Published : May 22, 2021, 5:55 PM IST

കൊല്‍ക്കത്ത: പരിക്കടക്കമുള്ള നിര്‍ഭാഗ്യങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ടീമില്‍ നിന്നും പലപ്പോഴും പുറത്തിരിക്കേണ്ടി വന്ന താരമാണ് വൃദ്ധിമാൻ സാഹ. അന്താരാഷ്ട്ര കരിയറിന്‍റെ തുടക്ക കാലത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ താരത്തിന് എംഎസ് ധോണിയുടെ നിഴലില്‍ ഒതുങ്ങേണ്ടി വന്നു. ധോണി അന്താരാഷ്ട്ര മത്സരങ്ങള്‍ മതിയാക്കിയെങ്കിലും സാഹയെ പിന്തള്ളി യുവ താരം റിഷഭ് പന്ത് ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ്. ബാറ്റിങ്ങിലെ മികവാണ് പന്തിനെ പരിഗണിക്കാന്‍ ടീം മാനേജ്‌മെന്‍റിനെ പ്രേരിപ്പിക്കുന്നത്.

ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിക്കറ്റിന് പിന്നില്‍ പന്ത് തന്നെ മതിയെന്നെന്ന് പറഞ്ഞിരിക്കുകയാണ് വൃദ്ധിമാന്‍ സാഹ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ കുറച്ച് മത്സരങ്ങളില്‍ കളിച്ചത് റിഷഭ് പന്താണ്. അവന്‍ മികച്ച പ്രകടനം നടത്തി. പന്തായിരിക്കണം ഇംഗ്ലണ്ടില്‍ ടീമിന്‍റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നും താരം പറഞ്ഞു. അതേസമയം അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും അതിനായി പരിശീലനം തുടരുമെന്നും 36കാരനായ താരം കൂട്ടിച്ചേര്‍ത്തു.

also read: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് പ്രവചിച്ച് നെഹ്റ

ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനായതാണ് പന്തിന് തുണയായതെന്നും സാഹ പറഞ്ഞു. ' പരിക്ക് കാരണം ഞാൻ പുറത്തായതിനെ തുടർന്ന് പാർത്ഥിവ് (പാർത്ഥിവ് പട്ടേൽ), ഡി കെ (ദിനേശ് കാർത്തിക്), റിഷഭ് എന്നിവർക്ക് അവസരങ്ങൾ ലഭിച്ചു. എന്നാൽ അവസരം പൂർണമായും വിനിയോഗിച്ച റിഷഭാണ് ടീമിൽ ഇടം ഉറപ്പിച്ചത്. ഒരുപക്ഷേ ഞാൻ ഇവിടെയും അവിടെയും ചില മത്സരങ്ങൾ കളിച്ചിരിക്കാം' സാഹ പറഞ്ഞു.

അതേസമയം ആളുകള്‍ വിമര്‍ശിക്കുന്നുണ്ടെന്ന് കരുതി തന്‍റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്താന്‍ ഒരുക്കമല്ലെന്നും സാഹ കൂട്ടിച്ചേര്‍ത്തു. 'തീര്‍ച്ചായായും നിങ്ങള്‍ക്ക് നന്നായി കളിക്കാനായില്ലെങ്കില്‍ വിമര്‍ശനങ്ങളുണ്ടാവും. വര്‍ഷങ്ങളായി പഠിച്ചെടുത്ത കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ഞാന്‍ ശ്രമിക്കാറ്. ആളുകള്‍ വിമര്‍ശിക്കുന്നുവെന്ന് കരുതി മാനസികമായും സാങ്കേതികമായും ഒന്നും മാറ്റണമെന്ന് ഞാൻ കരുതുന്നില്ല'. താരം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലെയ്‌ഡ് ടെസ്റ്റിന് ശേഷം വൃദ്ധിമാന്‍ സാഹ ടീമില്‍ നിന്നും പുറത്തായിരുന്നു. അഡ്‌ലെയ്‌ഡില്‍ രണ്ട് ഇന്നിങ്സുകളില്‍ നിന്നായി 9, 4 എന്നിങ്ങനെയായിരുന്നു സാഹയുടെ സ്‌കോര്‍. എന്നാല്‍ പകരക്കാരനായെത്തിയ പന്തിന് മികച്ച പ്രകടനം നടത്താനായി. മൂന്ന് മത്സരങ്ങളില്‍ നിന്നും 68.50 ശരാശരിയില്‍ 274 റണ്‍സ് നേടിയ താരം പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനായിരുന്നു.

ABOUT THE AUTHOR

...view details