ന്യൂഡൽഹി :ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയെങ്കിലും ഇന്ത്യയെ അലട്ടുന്ന ഏറ്റവും വലിയ തലവേദന ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഫോമില്ലായ്‌മയാണ്. ടീമിലെടുത്തതിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നുവന്നെങ്കിലും താരം ഐപിഎല്ലിലൂടെ ഫോം കണ്ടെത്തുമെന്നായിരുന്നു ബിസിസിഐയുടെ വിശ്വാസം. എന്നാൽ ഐപിഎല്ലിലും മങ്ങിയ പ്രകടനമായിരുന്നു ഹാർദിക്കിന്‍റേത്.
ഇപ്പോൾ പാണ്ഡ്യയെക്കുറിച്ച് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പന്തെറിയാത്ത ഹാർദിക്കിന്, താനായിരുന്നെങ്കിൽ പ്ലേയിങ് ഇലവനിൽ പോലും സ്ഥാനം നൽകില്ലെന്നായിരുന്നു ഗംഭീറിന്‍റെ വിമർശനം.
'ഹാർദിക്കിന് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കണമെങ്കിൽ രണ്ട് സന്നാഹമത്സരങ്ങളിലെങ്കിലും പന്തെറിയേണ്ടതുണ്ട്. അല്ലാതെ നെറ്റ്‌സിൽ മാത്രം പന്തെറിഞ്ഞിട്ട് കാര്യമില്ല. നെറ്റ്‌സിൽ പന്തെറിയുന്നതും ബാബർ അസമിനെപ്പോലെ മികച്ച താരങ്ങൾക്കെതിരെ പന്തെറിയുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്', ഗംഭീർ പറഞ്ഞു.