സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ (Australian Open Badminton) ടൂര്‍ണമെന്‍റില്‍ കലാശപ്പോരിന് യോഗ്യത ഉറപ്പിച്ച് ഇന്ത്യയുടെ മലയാളി താരം എച്ച്‌എസ് പ്രണോയ് (HS Prannoy). പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ മത്സരത്തില്‍ സ്വന്തം നാട്ടുകാരനായ പ്രിയാന്‍ഷു രജാവത്തിനെ (Priyanshu Rajawat) കീഴടക്കിയാണ് പ്രണോയിയുടെ മുന്നേറ്റം. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഓർലിയൻസ് മാസ്റ്റേഴ്‌സ് ചാമ്പ്യനായ പ്രിയാന്‍ഷു രജാവത്തിനെ മലയാളി താരം തോല്‍പ്പിച്ചത്.
43 മിനിട്ടുകള്‍ നീണ്ടു നിന്ന മത്സരം 21-18, 21-12 എന്ന സ്‌കോറിനാണ് കഴിഞ്ഞ മേയില്‍ മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് വിജയിച്ച പ്രണോയ് പിടിച്ചത്. കരിയറിലെ ആദ്യ സൂപ്പർ 500 സെമിഫൈനൽ കളിക്കാന്‍ ഇറങ്ങിയ പ്രിയാന്‍ഷു രജാവത്ത്, ഓപ്പണിങ് സെറ്റില്‍ ആറാം സീഡായ പ്രണോയിയോട് കടുത്ത പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റ് ഏറെക്കുറെ ആധികാരികമായി തന്നെ മലയാളി താരം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് പ്രണോയ്‌യുടെ എതിരാളി.
അതേസമയം ഇതിന് മുന്നെ ഒരു തവണ നേര്‍ക്കുനേരെത്തിയപ്പോഴും പ്രിയാന്‍ഷു രജാവത്തിനെ തോല്‍പ്പിക്കാന്‍ പ്രണോയിയ്‌ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം സയ്യിദ് മോദി ഇന്‍റര്‍നാഷണലിൽ വച്ചായിരുന്നു ഇതിന് മുന്നെ ഇരുവരും പരസ്‌പരം മത്സരിച്ചത്. അന്ന് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു നിലവില്‍ ലോക ഒമ്പതാം നമ്പറായ പ്രണോയിയുടെ വിജയം.
ലോക രണ്ടാം നമ്പറായ ഇന്തോനേഷ്യയുടെ ആന്‍റണി സിനിസുക ജിന്‍റിങ്ങിനെയാണ് (Anthony Sinisuka Ginting ) ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണോയ് തോല്‍പ്പിച്ചത്. 73 മിനിട്ട് നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു മലയാളി ആറാം സീഡായ പ്രണോയ് കളി പിടിച്ചത്.