ബെംഗളൂരു:ഇന്ത്യ -അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20യില്‍ രണ്ട് സൂപ്പര്‍ ഓവറിലും ഇന്ത്യയ്‌ക്കായി ബാറ്റ് ചെയ്‌തത് നായകന്‍ രോഹിത് ശര്‍മയായിരുന്നു (India vs Afghanistan 3rd T20I). ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ ശേഷമായിരുന്നു രോഹിത് സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യാനെത്തിയത് (Rohit Sharma Super Over Batting). ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 15ല്‍ നില്‍ക്കെ നായകന്‍ പവലിയനിലേക്ക് മടങ്ങിയത് കളിക്കിടയില്‍ ചെറുതല്ലാത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
ഒന്നാം സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ നിന്നാണ് രോഹിത് തിരികെ പവലിയനിലേക്ക് മടങ്ങിയത്. വേഗതയില്‍ ഓടാന്‍ കഴിയുന്ന താരത്തെ കൊണ്ട് വരുന്നതിനായിരുന്നു നായകൻ കളിക്കളം വിട്ടത്. പിന്നാലെ, റിങ്കു സിങ് ക്രീസിലെത്തിയെങ്കിലും സ്‌ട്രൈക്കില്‍ ഉണ്ടായിരുന്ന യശസ്വി ജയ്‌സ്വാളിന് (Yashasvi Jaiswal) ഒരു റണ്‍സ് മാത്രമായിരുന്നു നേടാനായത്. ഇതോടെയാണ് മത്സരം രണ്ടാം സൂപ്പര്‍ ഓവറിലെത്തിയത്.
രണ്ടാം സൂപ്പര്‍ ഓവറില്‍ റിങ്കു സിങ്ങിനൊപ്പമായിരുന്നു (Rinku Singh) രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. രോഹിതിന് വീണ്ടും ബാറ്റ് ചെയ്യാന്‍ എങ്ങനെയാണ് അവസരം ലഭിച്ചതെന്ന് മത്സരശേഷം മാച്ച് ഒഫീഷ്യല്‍സ് തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ വിക്കറ്റായിരുന്നില്ല എന്ന കാരണം കൊണ്ടാണ് രോഹിത് ശര്‍മയ്‌ക്ക് പിന്നെയും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്.