ദുബായ്:ഏഷ്യ കപ്പിലെ ആറാമന്മാരായി ഹോങ്കോങ്ങ്. യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎഇയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഹോങ്കോങ്ങിന്‍റെ മുന്നേറ്റം. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെട്ട ഗ്രൂപ്പ് എ യിലാണ് ഏഷ്യ കപ്പ് യോഗ്യത നേടിയ ഹോങ്കോങ്ങിന്‍റെ സ്ഥാനം. ഓഗസ്‌റ്റ് 31-നാണ് ഇന്ത്യ- ഹോങ്കോങ് മത്സരം.
ഫൈനലിന് സമാനമായ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ യുഎഇ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെയാണ് ഹോങ്കോങ്ങ് മറികടന്നത്. 43 പന്തിൽ 58 റൺസെടുത്ത ബാബർ യാസിം മുർടാസയാണ് ഹോങ്കോങ്ങിന്‍റെ ടോപ് സ്‌കോറര്‍.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎഇയെ മലയാളിയായ ക്യാപ്‌റ്റന്‍ റിസ്‌വാന്‍ (49), സവാര്‍ ഫാരിദ് (41) എന്നിവര്‍ ചേര്‍ന്നാണ് പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്. ഇവര്‍ക്ക് പുറമെ ഓപ്പണര്‍ ബാറ്റര്‍ മുഹമ്മദ് വസീം (18), ആര്യന്‍ ലക്ര (11) എന്നിവര്‍ മാത്രമാണ് യു എ ഇ നിരയില്‍ രണ്ടക്കം കടന്നത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതാണ് യു എ ഇയ്‌ക്ക് തിരിച്ചടിയായത്.
77ന് അഞ്ച് വിക്കറ്റ് നഷ്‌ടമായ യുഎഇ യെ റിസ്‌വാന്‍ - ഫരീദ് സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടുകെട്ട് മത്സരത്തിലുണ്ടാക്കി. പതിനെട്ടാം ഓവറില്‍ ഫരീദ് പുറത്തായതിന് പിന്നാലെ റിസ്‌വാന്‍ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ വീണു. തുടര്‍ന്ന് 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ യുഎഇ ഓള്‍ ഔട്ട് ഓകുകയായിരുന്നു.
എഹ്സാന്‍ ഖാന്‍ നാല് വിക്കറ്റ്, ആയുഷ് ശുക്ല മൂന്ന് വിക്കറ്റ്, 1.3 ഓവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ഐസാസ് ഖാനുമാണ് യു എ ഇ യെ എറിഞ്ഞിട്ടത്.