ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂം സന്ദർശിച്ചത് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അനുഭവമാണെന്ന് ഹോങ്കോങ് താരങ്ങൾ. വിരാട് കോലിയും രോഹിത് ശർമയും അവിശ്വസനീയമാംവിധം ഉൾക്കാഴ്‌ചയുള്ളവരാണെന്നും ഇന്ത്യൻ താരങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഹോങ്കോങ് പേസർ ആയുഷ് ശുക്ല വ്യക്‌തമാക്കി. മത്സരത്തിന് പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂമിലെത്തിയ ഹോങ്കോങ് താരങ്ങൾ ഇന്ത്യൻ താരങ്ങളുമായി സംവദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്‌തിരുന്നു.
ബാബര്‍ ഹയാത് പറഞ്ഞത് പോലെ ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന കാര്യമാണിത്. ഇനി ഇന്ത്യയുമായി എപ്പോൾ കളിക്കാൻ സാധിക്കും എന്ന് ഞങ്ങൾക്ക് അറിയില്ല. ഒരു പക്ഷേ അടുത്ത ഏഷ്യ കപ്പിലോ ലോകകപ്പിലോ അത് സംഭവിക്കും എന്നാണ് പ്രതീക്ഷ. പക്ഷേ ഇന്ത്യയുമായി കളിക്കുക എന്നത് അതിശയകരമായ കാര്യമാണ്. അവരുമായി ആദ്യമായി ഇടപഴകുന്നത് വളരെ സന്തോഷകരമായ അനുഭവമാണ് നൽകിയത്, ആയുഷ് പറഞ്ഞു.
രോഹിതിന്‍റെ വിക്കറ്റ് : എന്‍റെ അഞ്ചാമത്തെയോ ആറാമത്തയോ ടി20 മത്സരത്തിൽ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്‌ത്താനായത് വലിയ കാര്യമാണ്. രോഹിത് ശർമയെ ഞാൻ പുറത്താക്കി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം അവരോടൊപ്പം കളിക്കുന്നത് ഒരു വലിയ അനുഭവമാണ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങൾക്കൊപ്പം കളിക്കുന്നതിലൂടെ ടീമിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുമാകും.
ഞാൻ എറിഞ്ഞ നാല് ഓവറിൽ എനിക്ക് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. ഇന്ത്യയുടെ ബൗളിങിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അവരുടെ ജീവിതശൈലി, മത്സരത്തിനായുള്ള തയാറെടുപ്പ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇന്ത്യൻ താരങ്ങളിൽ നിന്ന് പഠിക്കാൻ സാധിക്കും. അവരെപ്പോലെ പ്രൊഫഷണലായി കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ആയുഷ് പറഞ്ഞു.
കോലിയോടൊപ്പം : വിരാട് കോലിക്കെതിരെ കളിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമാണ്. കോലിയുടെ ബാറ്റിങ് കാണാനും എങ്ങനെ കളിക്കുന്നുവെന്നും എങ്ങനെ തയ്യാറെടുക്കുന്നുവെന്നും മനസിലാക്കാനും സാധിച്ചു. കോലിയെ മാത്രമല്ല ഒരോ ഇന്ത്യൻ താരങ്ങളോടും സംസാരിക്കാനും അവരിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനും സാധിച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഹോങ്കോങും ഇന്ത്യയും തമ്മിലുള്ള സൗകര്യത്തിലെ വ്യത്യാസം നന്നായി അറിയാം. എന്നാൽ അസോസിയേറ്റ് രാജ്യങ്ങൾക്കായി ഇതുപോലുള്ള ടൂർണമെന്‍റുകൾ നടത്തുന്നത് നല്ലതാണ്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന എല്ലാ വിവരങ്ങളും വളരെ വലുതാണ്. ചെറുപ്പക്കാർക്ക് ഇത് ഒരു മികച്ച പഠനാനുഭവമാണ്, ആയുഷ് ശുക്ള വ്യക്‌തമാക്കി.
ജീവൻ മരണ പോരാട്ടം : ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ 40 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ന് പാകിസ്ഥാനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഹോങ്കോങിന്‍റെ അവസാന മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയി ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കൊപ്പം ഏഷ്യ കപ്പിന്‍റെ സൂപ്പർ-4 റൗണ്ടിൽ മത്സരിക്കും. അതിനാൽ തന്നെ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമായിരിക്കും.