മുംബൈ:ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഓൾറൗണ്ടർ ആൻഡ്ര്യൂ സൈമണ്ട്‌സിന്‍റെ വിയോഗം ലോകമെമ്പാടുമുള്ള കായിക പ്രേമികളെ ഞെട്ടിച്ചു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ഫർഹാൻ അക്തർ, അർജുൻ രാംപാൽ എന്നിവർ താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമറിയിച്ചു. 'റോയ്' എന്ന് സ്‌നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന സൈമണ്ട്‌സ് ശനിയാഴ്‌ച രാത്രി ക്യൂൻസ്‌ലാന്‍റിൽ ഒരു വാഹനാപകടത്തിലാണ് മരണപ്പെട്ടത്.
ക്രിക്കറ്റ് താരത്തിന്‍റെ ആകസ്‌മിക മരണവാർത്ത തന്നെ വളരെയധികം ഞെട്ടിച്ചുവെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. "ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായിരുന്ന ആൻഡ്ര്യൂ സൈമണ്ട്സിന്‍റെ മരണവാർത്ത കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക്ചേരുന്നു. ദൈവം അവന്‍റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ. ആർഐപി ലെജൻഡ്!" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മാർച്ചിൽ ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്‍റെയും റോഡ് മാർഷിന്‍റെയും മരണത്തിനു പിന്നാലെ സൈമണ്ട്‌സിന്‍റെ വിയോഗം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം തകർക്കുന്നതാണെന്ന് കുറിച്ച ഫർഹാൻ അക്തർ സൈമണ്ട്‌സിനെ "മികച്ച പോരാളി" എന്നാണ് അഭിസംബോധന ചെയ്‌തത്. തന്‍റെതായ ദിവസത്തിൽ, ഏത് മത്സരത്തെയും അനുകൂലമാക്കാൻ കഴിയുന്ന മികച്ച പോരാളി.. 'ആർഐപി ആൻഡ്ര്യൂ സൈമണ്ട്സ്'.