ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് ടീമിന്‍റെ ഭാഗമായിരുന്ന യുവ പേസ് ബൗളർ സിദ്ധാർത്ഥ് ശർമ്മ (28) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വഡോദരയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സിദ്ധാർത്ഥ് ശർമ്മയുടെ മരണത്തോടെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിന് വലിയ നഷ്‌ടമാണുണ്ടായതെന്ന് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അവ്‌നിഷ് പര്‍മര്‍ പ്രതികരിച്ചു.
ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഇന്നലെ (12-01-2023) രാത്രി സിദ്ധാർത്ഥ് ഞങ്ങളെ വിട്ടുപോയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിന്‍റെ സഹായത്തിലായിരുന്നുവെന്നും ബറോഡയ്‌ക്കെതിരെ വഡോദരയിൽ നടന്ന തങ്ങളുടെ അവസാന റൗണ്ട് മത്സരത്തിൽ അദ്ദേഹം ടീമിലുണ്ടായിരുന്നുവെന്നും അവ്‌നിഷ് പര്‍മര്‍ പറഞ്ഞു.
മത്സരത്തിന് മുമ്പ് അദ്ദേഹം ഛര്‍ദിക്കാന്‍ തുടങ്ങിയെന്നും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായതായും പര്‍മര്‍ അറിയിച്ചു. ഉടനെ തന്നെ സമീപത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യം വഷളായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിദ്ധാർത്ഥ് ശർമ്മയുടെ വിയോഗത്തില്‍ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവും അനുശോചനം അറിയിച്ചു.
വിജയ് ഹസാരെയില്‍ വിജയിച്ച ഹിമാചൽ പ്രദേശിന്‍റെ ടീമംഗമായ സിദ്ധാര്‍ഥ് ശര്‍മയുടെ മരണത്തിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായും സുഖ്‌വീന്ദർ സിങ് സുഖു ട്വിറ്ററില്‍ കുറിച്ചു. 2021-22ൽ വിജയ് ഹസാരെ ട്രോഫി നേടിയ ഹിമാചൽ പ്രദേശ് ടീമിന്‍റെ ഭാഗമായിരുന്ന സിദ്ധാര്‍ഥ് ശര്‍മ സംസ്ഥാനത്തിനായി ആറ് ഫസ്‌റ്റ് ക്ലാസ്, ആറ് ലിസ്‌റ്റ് എ, ഒരു ടി20 മത്സരങ്ങളില്‍ നിന്നായി 33 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.