മുംബൈ : ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇന്ത്യയുടെ വനിത താരം ദീപ്‌തി ശര്‍മയുടെ പേര് അനാവശ്യമായി വലിച്ചിഴച്ച ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹേമാംഗ് ബദാനി. സ്റ്റാര്‍ക്കിന്‍റേത് മോശം പ്രവൃത്തിയാണെന്നും, താരം ഇനിയും വളരേണ്ടതുണ്ടെന്നും ബദാനി ട്വീറ്റ് ചെയ്‌തു.
ഓസീസ്-ഇംഗ്ലണ്ട് മൂന്നാം ടി20യ്‌ക്കിടെയാണ് സ്റ്റാര്‍ക്ക് തീര്‍ത്തും അനാവശ്യമായി ദീപ്‌തിയുടെ പേര് വലിച്ചിഴച്ചത്. നോൺ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നേരത്തെ ക്രീസ് വിട്ടിറങ്ങിയ ബട്‌ലറോട് താന്‍ ദീപ്‌തിയല്ലെന്നും, എന്നാല്‍ ഇതിനര്‍ഥം നേരത്തെ ക്രീസ് വിടാം എന്നല്ലെന്നുമായിരുന്നു സ്റ്റാര്‍ക്ക് പറഞ്ഞത്.
കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇംഗ്ലീഷ് താരം ഷാര്‍ലി ഡീനിനെ ദീപ്‌തി ശര്‍മ നോണ്‍ സ്ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്ണൗട്ടാക്കിയിരുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഐസിസി നിയമമായി അംഗീകരിച്ച പുറത്താക്കല്‍ രീതിയാണിത്.