ഹരാരെ :ഒടുവില്‍ മരണത്തിന് കീഴടങ്ങി സിംബാബ്‌വെയുടെ ഇതിഹാസ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് (Heath Streak Passes Away). 49-ാം വയസിലാണ് ഹീത്ത് സ്ട്രീക്കിന്‍റെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
താരത്തിന്‍റെ മരണം ഭാര്യ നദീൻ സ്ട്രീക്ക് (Nadine Streak) സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയാണ് ഹീത്ത് സ്ട്രീക്ക് മരണത്തിന് കീഴടങ്ങിയതെന്നാണ് അവര്‍ തന്‍റെ കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ മാസം അവസാനത്തില്‍ ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ഉള്‍പ്പടെ വാര്‍ത്ത നല്‍കിയത് വിവാദമായിരുന്നു.
സ്‌ട്രീക്കിന് അനുശോചനം നേര്‍ന്ന് സഹതാരമായിരുന്ന ഹെന്‍റി ഒലോങ്ക (Henry Olonga) സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ച ഹെന്‍റി ഒലോങ്ക ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് മറ്റൊരു പോസ്റ്റിട്ടത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ താന്‍ ജീവിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കി സ്ട്രീക്ക് തന്നെ രംഗത്ത് എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് അറുതി ആയത്.
നദീൻ സ്ട്രീക്കിന്‍റെ സോഷ്യല്‍ മിഡിയ പോസ്റ്റ് ഇത്തരം വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും ആരെങ്കിലും പടച്ചുവിടുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നതില്‍ തീര്‍ത്തും അസ്വസ്ഥനാണെന്നുമായിരുന്നു താരത്തിന്‍റെ വാക്കുകള്‍. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്‍റെ (Zimbabwe Cricket Team) സുവർണ കാലഘട്ടത്തിലെ പ്രധാനികളില്‍ ഒരാളായിരുന്നു ഹീത്ത് സ്‌ട്രീക്ക്. പേസ് ബോളറായിരുന്നുവെങ്കിലും ബാറ്റുകൊണ്ടുള്ള താരത്തിന്‍റെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു.
സിംബാബ്‌വെ ദേശീയ ടീമിനായി 189 ഏകദിനങ്ങളിലും 65 ടെസ്റ്റുകളിലുമാണ് ഹീത്ത് സ്‌ട്രീക്ക് കളിച്ചിട്ടുള്ളത്. ടെസ്റ്റുകളിലും ഏകദിനങ്ങളിലുമായി 4933 റണ്‍സും 455 വിക്കറ്റുകളുമാണ് താരം വീഴ്ത്തിയിട്ടുള്ളത്. സിംബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര വിക്കറ്റുകള്‍ നേടിയ പേസറെന്ന റെക്കോഡ് സ്ട്രീക്കിന് സ്വന്തമാണ്.
1993-ല്‍ സിംബാബ്‌വെയ്‌ക്കായി അരങ്ങേറിയ ഹീത്ത് സ്ട്രീക്ക് 2000 മുതൽ 2004 വരെയുള്ള നാല് വര്‍ഷക്കാലം ടീമിന്‍റെ നായക സ്ഥാനവും കയ്യാളിയിരുന്നു. ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നായിരുന്നു തല്‍സ്ഥാനത്ത് നിന്നുമുള്ള പടിയിറക്കം. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് 2005-ല്‍ തന്‍റെ 31-ാം വയസിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ഹീത്ത് സ്ട്രീക്ക് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്‌തു.
തുടര്‍ന്ന് പരിശീലകനായി സിംബാബ്‌വെ,സ്കോട്‌ലന്‍ഡ്, ബംഗ്ലാദേശ് എന്നീ ദേശീയ ടീമുകള്‍ക്കൊപ്പവും ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പവും ഹീത്ത് സ്ട്രീക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ഏപ്രിലിൽ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹീത്ത് സ്‌ട്രീക്കിനെ ഐസിസി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കിയിരുന്നു.
ALSO READ: Gautam Gambhir Backs Ishan Kishan : രാഹുല്‍ എത്തുമ്പോള്‍ ഇഷാന്‍ പുറത്തെന്ന് കൈഫ് ; വായടപ്പിച്ച് ഗൗതം ഗംഭീര്‍
എട്ട് വര്‍ഷക്കാലത്തേക്കായിരുന്നു താരത്തിന് വിലക്ക് ലഭിച്ചത്. വിവിധ ആഭ്യന്തര ടീമുകളുടെ പരിശീലകനെന്ന നിലയിലും സിംബാബ്‌വെയുടെ പരിശീലകനെന്ന നിലയിലും പ്രവര്‍ത്തിക്കുന്ന സമയത്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിനായിരുന്നു താരത്തിനെതിരെ ഐസിസി നടപടി എടുത്തത്.