മൗണ്ട് മോംഗനൂയി (ന്യൂസിലൻഡ്):എനിക്ക് എന്നിൽ തന്നെ വലിയ പ്രതീക്ഷകളുണ്ടെന്നും അതിനാൽ, കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന സമയത്ത് ആളുകൾ എന്തിനാണ് തന്നെ വിമർശിക്കുന്നതെന്ന് തനിക്ക് മനസിലാക്കാൻ കഴിയുമെന്നും ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.
'എനിക്ക് എന്നിൽ നിന്ന് തന്നെ വലിയ പ്രതീക്ഷകളുണ്ട്, ടീമിലെ എന്‍റെ പ്രാധാന്യം എനിക്കറിയാം, എനിക്ക് എപ്പോഴും നന്നായി കളിക്കാൻ ആഗ്രഹമുണ്ട്, ചിലപ്പോൾ സാഹചര്യങ്ങൾ അനുകൂലമാകില്ല, പക്ഷേ ഞാൻ കളിച്ച അവസാന രണ്ട് ഇന്നിംഗ്‌സുകൾ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി'. ഒരു ചോദ്യത്തിന് മറുപടിയായി ഹർമൻപ്രീത് പറഞ്ഞു.
മാർച്ച് 4ന് ന്യൂസിലൻഡ് വെസ്റ്റ് ഇൻഡീസ് മത്സരത്തോടെ വനിത ഏകദിന ലോകകപ്പിന് ന്യൂസിലൻഡിൽ തുടക്കമാവും. സെമി ഫൈനലിസ്‌റ്റുകളെ തീരുമാനിക്കാൻ എട്ട് ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ഏപ്രിൽ 3 ന് ക്രൈസ്റ്റ്ചർച്ചിൽ ആണ് ഫൈനൽ മത്സരം നടക്കുന്നത്. മാർച്ച് ആറിന് പാക്കിസ്ഥാനെതിരാണ് ഇന്ത്യയുടെ ആദ്യ മത്സരം.
2017 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിര 171 റൺസ് എടുത്തതിന് ശേഷമുള്ള 32 ഏകദിന മത്സരങ്ങളിൽ 27.90 ശരാശരിയോടെ വെറും 614 റൺസ് മാത്രമാണ് ഹർമൻപ്രീതിന്‍റെ സമ്പാദ്യം. വെറും മൂന്ന് അർധസെഞ്ചുറി മാത്രമാണ് ഇക്കാലയളവിൽ ഹർമൻപ്രീത് നേടിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഹർമൻപ്രീതിന്‍റെ ഫോം ഒരു വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ ആദ്യ സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറിയോടെ അവർ തന്‍റെ വിമർശകർക്ക് മറുപടി നൽകി. ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ വലംകൈ ബാറ്റർ അർധസെഞ്ചുറിയും നേടി.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരത്തിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. സമ്മർദ്ദഘട്ടത്തിൽ സ്‌പോർട്‌സ് സൈക്കോളജിസ്റ്റിന്‍റെ സാന്നിധ്യം വളരെയധികം സഹായകമായി. അവരിൽ നിന്നും വ്യക്തമായ ആശയങ്ങൾ ലഭിച്ചിരുന്നു, ഇത് രണ്ട്-മൂന്ന് കളികളിൽ എനിക്ക് സഹായികമായി.
ALSO READ:ലോകകപ്പ് കിരീടത്തോടെ യാത്ര പൂർത്തിയാക്കണം; ആഗ്രഹം വെളിപ്പെടുത്തി മിതാലി രാജ്
താൻ നാലാം നമ്പറിൽ കൂടുതൽ കംഫർട്ടബിളാണെന്നും, എന്നാൽ ടീമിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് കളിക്കണമെന്നും പറഞ്ഞു. ഇപ്പോൾ ഞാൻ അഞ്ചാം നമ്പറിൽ കളിക്കുന്നത് തുടരുമെന്നും തന്‍റെ ഇഷ്‌ട ബാറ്റിംഗ് പൊസിഷനെ കുറിച്ച് ബാറ്റർ വിശദീകരിച്ചു.
'ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ, ഞങ്ങൾ ഒരുമിച്ച് കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ അഞ്ച് ആറ് മത്സരങ്ങളിൽ നിന്ന് 250+ സ്‌കോർ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞതിന്‍റെ കാരണമിതാണ്. അവസാന ഓവറുകളിൽ കൂടുതൽ റൺസ് നേടുന്നത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. അവസാന 10 ഓവറിൽ ഞങ്ങൾ ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയിൽ മെച്ചപ്പെടേണ്ടതുണ്ട്,' അവർ കൂട്ടിച്ചേർത്തു.