ഇസ്‌ലാമാബാദ് :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഐസിസിയും (ICC) ബിസിസിഐയും (BCCI) ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രത്യേകം പന്ത് നല്‍കുന്നുവെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും ടീം ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഹസന്‍ റാസ (Hasan Raza). ഡിആര്‍എസിനെ (DRS) സ്വാധീനിച്ച് തീരുമാനങ്ങള്‍ എല്ലാം ഇന്ത്യന്‍ ടീം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയാണെന്നാണ് ഹസന്‍ റാസയുടെ ആരോപണം (Hasan Raza Allegations Against DRS). ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ എട്ടാം ജയം നേടിയതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഇന്നലെ (നവംബര്‍ 5) ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്‍റെ ജയമാണ് ടീം ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 326 റണ്‍സാണ് സ്കോര്‍ ചെയ്‌തത്. വിരാട് കോലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യറുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് പ്രോട്ടീസിനെതിരെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 27.1 ഓവറില്‍ 83 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെയും രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരുടെയും പ്രകടനങ്ങളാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ അനായാസ ജയം സമ്മാനിച്ചത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റാസി വാന്‍ഡര്‍ ഡസന്‍റെ പുറത്താകലിലാണ് ഹസന്‍ റാസ തന്‍റെ സംശയം പ്രകടിപ്പിച്ചത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്‍റെ 14-ാം ഓവറില്‍ ആയിരുന്നു 32 പന്തില്‍ 13 റണ്‍സ് നേടിയ റാസി വാന്‍ഡര്‍ ഡസന്‍ പുറത്തായത്. പ്രോട്ടീസ് ബാറ്ററെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എല്‍ബിഡബ്ല്യു ആക്കിയാണ് മടക്കിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ച തീരുമാനത്തെ ചലഞ്ച് ചെയ്‌ത ഇന്ത്യ ഡിആര്‍എസിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്ററുടെ വിക്കറ്റ് സ്വന്തമാക്കിയത്.