ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് വേണ്ടിയാണ് പാകിസ്ഥാന്‍ ഇന്ന് (ഒക്‌ടോബര്‍ 27) ഇറങ്ങുന്നത്. ചെന്നൈയില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ദക്ഷിണാഫ്രിക്കയെ (South Africa) നേരിടാന്‍ ഇറങ്ങുമ്പോള്‍ ടീം നേരിടുന്ന പ്രധാന തലവേദന പേസര്‍ ഹസന്‍ അലിയുടെ (Hasan Ali Ruled Out World Cup Match Against South Africa) അഭാവമായിരിക്കും. പനി ബാധിതനായ താരം പ്രോട്ടീസിനെതിരായ മത്സരത്തില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി മുതല്‍ താരത്തിന് കടുത്ത പനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, ചെന്നൈയിലെ ആദ്യ മത്സരത്തിനായെത്തിയപ്പോള്‍ ഇന്ത്യന്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലിനും ഡെങ്കിപ്പനി ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന ഗില്‍ പാകിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് ടീമിലേക്ക് മടങ്ങിയെത്തിയത്.
പരിക്കേറ്റ് പുറത്തായ യുവ പേസര്‍ നസീം ഷായുടെ പകരക്കാരനായാണ് ഹസന്‍ അലി ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിച്ചത്. പാകിസ്ഥാന്‍ കളിച്ച അഞ്ച് മത്സരങ്ങളിലും ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ ഇടം കണ്ടെത്താന്‍ ഹസന്‍ അലിക്ക് സാധിച്ചിരുന്നു. ഫോമിലുള്ള ഹസന്‍ അലിക്ക് ഈ അഞ്ച് മത്സരങ്ങളില്‍ നിന്നും 5.82 എക്കോണമിയില്‍ എട്ട് വിക്കറ്റാണ് സ്വന്തമാക്കാന്‍ സാധിച്ചത്.