സിഡ്‌നി: പാകിസ്ഥാന്‍ താരങ്ങളുടെ മോശം ഫീല്‍ഡിങ്ങുമായി ബന്ധപ്പെട്ട് നിരവധിയായ ചര്‍ച്ചകളാണ് നടന്നിട്ടുള്ളത്. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിലും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ അവസാനിച്ച ടെസ്റ്റ് പരമ്പരയിലും പന്ത് കയ്യിലൊതുക്കാന്‍ കഴിയാതെ പാകിസ്ഥാന്‍ താരങ്ങള്‍ പരിഹാസ്യരാവുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ മീഡിയം പേസര്‍ ഹസന്‍ അലിയെ ഒരു ആരാധകന്‍ കളിയാക്കിയതും താരം അതിന് നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. (Hasan Ali gives Sharp reply to fan mocking his catching skills)
ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ (Australia vs Pakistan) ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് സംഭവം നടന്നത്. മത്സരം അവസാനിച്ചതിന് ശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കുകയായിരുന്നു ഹസന്‍ അലി. ഇതിനിടെ താരത്തിന്‍റെ ഫീല്‍ഡിങ് കഴിവിനെ ട്രോളിക്കൊണ്ട് ഒരു അപ്രതീക്ഷിത പ്രതികരണം ഹസന്‍ അലിയ്‌ക്ക് നേരിടേണ്ടി വന്നു.
"ഇവിടെ വരൂ, പന്ത് എങ്ങനെ പിടിക്കാമെന്ന് ഞാൻ നിങ്ങളെ പഠിപ്പിച്ചു തരാം" എന്നായിരുന്നു ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞത്. ഇതു കേട്ടയുടന്‍ അയാള്‍ക്ക് സമീപത്തേക്ക് പാക് താരം നടന്നടുത്തു. പിന്നീട് "ശരി, ഇവിടെ വരൂ, ക്യാച്ച് എങ്ങനെ ചെയ്യണമെന്ന് ആരാണ് എന്നെ പഠിപ്പിച്ചു തരിക" എന്നായിരുന്നു 29-കാരന്‍റെ മറുപടി.
എന്നാല്‍ പിന്നീട് മറുപുറത്ത് നിന്നും പ്രതികരണമില്ലാതെ ആവുന്നതാണ് പ്രസ്‌തുത വീഡിയോ. അതേസമയം മൂന്ന് മത്സര പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്‌തുകൊണ്ടാണ് പാകിസ്ഥാനെ ഓസീസ് തിരിച്ചയച്ചത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 360 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ തോറ്റത്.