ഗ്രനേഡ :ഐപിഎല്‍ താരലേലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടി20 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ഹാരി ബ്രൂക്ക് (Harry Brook). വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഇംഗ്ലീഷ് യുവ ബാറ്റര്‍ ബ്രൂക്ക് സംഹാര താണ്ഡവമാടിയത്. മത്സരത്തില്‍ 223 റണ്‍സ് ചേസ് ചെയ്‌ത ഇംഗ്ലണ്ടിന് വേണ്ടി അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ഹാരി ബ്രൂക്ക് അടിച്ചെടുത്തത് ഏഴ് പന്തില്‍ 31 റണ്‍സാണ് (Harry Brook 7 Ball 31 Runs).
അതില്‍ 24 റണ്‍സും പിറന്നത് വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ എറിഞ്ഞ മത്സരത്തിലെ അവസാന ഓവറില്‍ നിന്നാണ്. 21 റണ്‍സായിരുന്നു അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് പന്തില്‍ ഏഴ് റണ്‍സുമായി ഹാരി ബ്രൂക്കായിരുന്നു ഈ സമയം ക്രീസിലുണ്ടായിരുന്നത്.
റസല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ലെഗ് സൈഡിലൂടെ ഹാരി ബ്രൂക്ക് ബൗണ്ടറിയിലേക്ക് എത്തിച്ചു. രണ്ടാം പന്ത് ഡീപ് എക്‌സ്‌ട്രാ കവറിലൂടെ സിക്‌സര്‍. മൂന്നാം പന്ത് ഫൈന്‍ ലെഗിലൂടെയാണ് ഗാലറിയിലെത്തിയത്.
നാലാം പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാം പന്ത് ഡീപ് തേര്‍ഡിലൂടെ വീണ്ടും സിക്‌സര്‍. പിന്നാലെ, ഇംഗ്ലണ്ടിന് പരമ്പരയിലെ ആദ്യ ജയവും (West Indies vs England Match Result).
223 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടി 17.5 ഓവറില്‍ 186-3 എന്ന നിലയില്‍ നിന്നപ്പോഴാണ് ബ്രൂക്ക് ക്രീസിലേക്ക് എത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ജേസണ്‍ ഹോള്‍ഡറെ ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പായിക്കാന്‍ ബ്രൂക്കിന് സാധിച്ചിരുന്നു. ഡിസംബര്‍ 19ന് നടക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്‍പ് വിവിധ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ബ്രൂക്കിന്‍റെ ഈ ഇന്നിങ്‌സിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ഐപിഎല്ലിന്‍റെ താരലേലത്തില്‍ 13.25 കോടിക്ക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ആയിരുന്നു ബ്രൂക്കിനെ സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റില്‍ ഒരു സെഞ്ച്വറി നേടിയെങ്കിലും പൊന്നും വിലയ്‌ക്കുള്ള പ്രകടനങ്ങള്‍ കാഴ്‌ചവെയ്‌ക്കാന്‍ ഇംഗ്ലീഷ് യുവ ബാറ്റര്‍ക്ക് സാധിച്ചിരുന്നില്ല. 11 മത്സരം കളിച്ച ബ്രൂക്ക് 21.11 ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് നേടിയത്.
ഇതോടെ, ഐപിഎല്‍ 2024 സീസണിന് മുന്നോടിയായി എസ്ആര്‍എച്ച് താരത്തെ റിലീസ് ചെയ്യുകയായിരുന്നു. നിലവില്‍ പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തിലും 24കാരനായ താരം രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. രണ്ട് കോടിയാണ് താരത്തിന്‍റെ അടിസ്ഥാന വില.
Also Read :അമ്പമ്പോ ഇത് എന്തൊരു അടി...! മിന്നല്‍ പിണരായി ഹാരി ബ്രൂക്ക്; വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട്