കേപ്‌ടൗണ്‍: വനിത ടി20 ലോകകപ്പിന്‍റെ സെമിയില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരായ തോല്‍വിയോടെ ഇന്ത്യ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായിരുന്നു. ഓസ്‌ട്രേലിയ നേടിയ 172 റണ്‍സിന് മറുപടിക്കിറങ്ങിയ അഞ്ച് റണ്‍സ് അകലെയാണ് വീണത്. എന്നാല്‍ കടുത്ത പോരാട്ടം കാഴ്‌ചവച്ചതിന് ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്.
ടോപ് ഓര്‍ഡര്‍ബാറ്റര്‍മാര്‍ തുടക്കം തന്നെ തിരിച്ച് കയറിതോടെ പ്രതിരോധത്തിലായ ഇന്ത്യയെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സ്‌കോര്‍ 100 റണ്‍സിന് അടുത്ത് നില്‍ക്കെ ജമീമയെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. തുടര്‍ന്നും പൊരുതിക്കളിച്ച ഹര്‍മന്‍പ്രീതിന്‍റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതായിരുന്നു.
എന്നാല്‍ താരത്തിന്‍റെ നിര്‍ഭാഗ്യകരമായി റണ്ണൗട്ട് ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഹര്‍മന്‍റെ പുറത്താവല്‍. ഇന്നിങ്‌സിന്‍റെ 15ാം ഓവറിലാണ് ഹര്‍മന്‍ പുറത്താവുന്നത്.
ജോർജിയ വെയർഹാമിന്‍റെ പന്ത് സ്ക്വയര്‍ ലെഗിലേക്ക് കളിച്ച ഹര്‍മന് അനായാസം ഡബിള്‍ ഓടാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ രണ്ടാം റണ്‍ പൂര്‍ത്തിയാക്കാന്‍ താരം ക്രീസിനുള്ളിലേക്ക് വച്ച ബാറ്റ് ഗ്രൗണ്ടില്‍ തട്ടി നിന്നു. ഇതോടെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലീസ ഹീലി ബെയ്ല്‍സ് ഇളക്കുകയായിരുന്നു.
34 പന്തില്‍ 52 റണ്‍സാണ് ഈ സമയം ഹര്‍മ്മന്‍ നേടിയത്. പുറത്തായതിന്‍റെ നിരാശയില്‍ തന്‍റെ ബാറ്റ് എറിയുന്ന ഹര്‍മന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയില്‍ വൈറലാണ്. ഹര്‍മന്‍ പുറത്താവുമ്പോള്‍ 133 റണ്‍സായിരുന്നു ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്നുള്ള 32 പന്തുകളില്‍ വെറും 40 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്.
എന്നാല്‍ തുടര്‍ന്നെത്തിയ താരങ്ങള്‍ പൊരുതി നോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. കടുത്ത പനിയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹര്‍മന്‍ കളിച്ചേക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടീമിനായി താരം കളത്തിലെത്തുകയായിരുന്നു.
ഓസീസിന് തുടര്‍ച്ചയായ ആറാം ഫൈനല്‍: ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഓസീസ് നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 172 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. വിജയത്തോടെ തുടർച്ചയായ ആറാം തവണയും ടി20 ലോകകപ്പിന്‍റെ ഫൈനലിൽ ഇടം നേടാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞു.
താളം തെറ്റിയ തുടക്കം: ഓസീസിന് മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണർ ഷഫാലി വർമയെ രണ്ടാം ഓവറിൽ തന്നെനഷ്‌ടമായിരുന്നു. 9 റണ്‍സെടുത്ത താരത്തെ മേഗൻ ഷ്യൂട്ട് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ സൂപ്പർ താരം സ്‌മൃതി മന്ദാനയെ പുറത്താക്കി ആഷ്‌ലി ഗാർഡ്‌നർ ഇന്ത്യയെ ഞെട്ടിച്ചു. പിന്നാലെ യാസ്‌തിക ഭാട്ടിയ(4) കൂടി പുറത്തായതോടെ ഇന്ത്യ 3.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 28 എന്ന നിലയിലേക്ക് വീണു.
പവർ പ്ലേയിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീണ് വൻ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയെ ക്രീസിലൊന്നിച്ച ജെമീമ റോഡ്രിഗസും ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗറും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് 69 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി പടുത്തുയർത്തിയത്. എന്നാൽ അർധ സെഞ്ചുറിക്കരികെ ജമീമ റോഡ്രിഗസിനെ ഇന്ത്യക്ക് നഷ്‌ടമായി.
24 പന്തിൽ 6 ഫോറുകൾ ഉൾപ്പടെ 43 റണ്‍സ് നേടിയ താരത്തെ ഡാർസി ബ്രൗണ്‍ പുറത്താക്കുകയായിരുന്നു. തുടർന്നിറങ്ങിയ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹർമൻപ്രീത് കൗർ സ്‌കോർ മുന്നോട്ടുയർത്തി. എന്നാൽ 15-ാം ഓവറിൽ ഹർമൻപ്രീതിന്‍റെ റണ്ണൗട്ട് ഇന്ത്യൻ പ്രതീക്ഷകൾ തകർത്തു.
പുറത്താകുമ്പോൾ 34 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സായിരുന്നു താരത്തിന്‍റെ സംഭാവന. ഇതോടെ ഇന്ത്യൻ ബാറ്റിങ് നിരയും സമ്മർദ്ദത്തിലായി. ഹർമൻ പ്രീതിന് തൊട്ടുപിന്നാലെ റിച്ച ഘോഷും(14) പിന്നാലെ സ്‌നേഹ റാണയും(11) മടങ്ങി. അവസാന ഓവറിൽ 16 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം.
ഇതിനിടെ നാലാം പന്തിൽ രാധ യാദവും (0) പുറത്തായതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. ഓവറിലെ അവസാന പന്തിൽ ദീപ്‌തി ശർമ ബൗണ്ടറി നേടിയെങ്കിലും ഇന്ത്യക്ക് വിജയം നേടാൻ അത് മതിയാകുമായിരുന്നില്ല. ദീപ്‌തി ശർമ(20), ശിഖ പാണ്ഡെ(1) എന്നിവർ പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി ആഷ്‌ലി ഗാർഡ്‌നർ, ഡാർസി ബ്രൗണ്‍ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മേഗൻ ഷ്യൂട്ട്, ജെസ് ജെനാസ്സൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ALSO READ:പങ്കാളി ഗർഭിണിയാണെന്ന വിശേഷം പങ്കുവച്ചിതിന് ഹോമോഫോബിക് കമന്‍റുകളും ട്രോളും; പ്രതികരിച്ച് സാറ ടെയ്‌ലര്‍